രവിപിള്ളയുടെ മകൾ ആരതി വിവാഹിതയായി

Posted on: November 26, 2015

RaviPillas-Daughter-wedding

കൊല്ലം : പ്രമുഖ വ്യവസായി ഡോ. ബി. രവി പിള്ളയുടെയും ഗീത രവി പിള്ളയുടെയും മകൾ ഡോ. ആരതിയും വിനോദ് നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകൻ ഡോ. ആദിത്യവിഷ്ണുവും തമ്മിൽ വിവാഹിതരായി. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന വിവാഹചടങ്ങുകളിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, മമ്മുട്ടി, മോഹൻലാൽ, മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ, ജിസിസി രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങൾ, നയതന്ത്രജ്ഞർ, ചലചിത്രതാരങ്ങൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുംപ്പെട്ട ആയിരങ്ങൾ പേർ പങ്കെടുത്തു. 42 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പങ്കെടുത്ത വിവാഹസത്ക്കാരത്തിന് 55 കോടി രൂപയാണ് ചെലവ്.

Ravipillai-aarathi-Geetha-r

കേരളത്തിന്റെ തനിമയും സാംസ്‌കാരിക പൈതൃകവും അടുത്തറിയാനുതകുന്ന കലാവിരുന്നും വിവാഹത്തിന് മുന്നോടിയായി നടന്നു. ചലചിത്രതാരങ്ങളായ മഞ്ജുവാര്യർ, ശോഭന, സൂര്യകൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കലാപരിപാടികൾ അരങ്ങേറിയത്. കലാപരിപാടികൾക്ക് ഒടുവിൽ വിടരുന്ന താമരപ്പൂ പോലുള്ള കതിർമണ്ഡപത്തിലായിരുന്നു വിവാഹം.

നാലേകാൽ ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജസ്ഥാനിലെ ജോധ്പൂർ കൊട്ടാരത്തിന്റെ മാതൃകയിലാണ് പൂർണമായും എയർകണ്ടീഷൻ ചെയ്ത വിവാഹ പന്തൽ തയാറാക്കിയത്. പ്രമുഖ ആർട്ട് ഡയറക്ടർ സാബു സിറിൾ 75 ദിവസം കൊണ്ട് പണിപൂർത്തിയാക്കിയ പന്തലിന് മാത്രം 20 കോടി രൂപയാണ് ചെലവ്.