ഓഷ്യാന മേഖലയിലേക്ക് കൂടുതൽ കേരള ഐടി കമ്പനികൾ

Posted on: November 25, 2015

Kerala-IT-in-Oceana-Big

കൊച്ചി : കേരള സർക്കാരിന്റെ ഗ്ലോബൽ ഐടി പദ്ധതിയുടെ ചുവടു പിടിച്ച് സംസ്ഥാനത്തു നിന്നുളള രണ്ട് കമ്പനികൾ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം ടെക്‌നോപാർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എക്‌സ്പീരിയൻ ടെക്‌നോളജീസ്, പിറ്റ്‌സ് സൊല്യൂഷൻസ് എന്നിവരാണ് ഓഷ്യാന മേഖലയിൽ ഓഫീസ് തുറന്നത്. കേരള ഐടി സംഘത്തിന്റെ ഭാഗമായി ന്യൂസിലൻഡ് ഓസ്‌ട്രേലിയ സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തെ തുടർന്നാണിത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുളള ഐടിസ്ഥാപനങ്ങളുമായി വാണിജ്യ ബന്ധം ശക്തമാക്കുന്നതിനു വേണ്ടിയാണ് കേരള സർക്കാർ ഗ്ലോബൽ ഐടി പദ്ധതി തയാറാക്കിയിട്ടുള്ളത്.

നിലവിൽ പല കമ്പനികൾക്കും ആഗോള തലത്തിൽ ഉപഭോക്താക്കളുണ്ട്. എന്നാൽ ആഗോളതലത്തിൽ ഐടി മേഖലയിൽ പുതിയ ബന്ധങ്ങൾ ശക്തമാക്കുകയാണ് അന്താരാഷട്രതലത്തിൽ ശ്രദ്ധ ലഭിക്കാൻ സഹായകരമാകുന്നതെന്ന് സംഘത്തെ നയിച്ച സംസ്ഥാന ഐടി പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ പറഞ്ഞു. മൊത്തം പതിന്നാല് കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.

സംസ്ഥാനത്തെ കമ്പനികൾ വിദേശത്തെ കമ്പികൾക്ക് കൺസൾട്ടൻസി മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടാൽ മാത്രമെ ആ രാജ്യങ്ങളിലെ ഐടി മേഖലയിൽ ചുവടുറപ്പിക്കാനാവുമെന്ന് ജിടെകിന്റെ കൺവീനറായ ബിനുജേക്കബ് പറഞ്ഞു. സാധാരണയായിഐടി കമ്പനികൾക്കുളള ബന്ധങ്ങൾ യൂറോപ്യൻ അമേരിക്കൻ വിപണികളുമായാണ്. എന്നാൽ ഓസ്‌ട്രേലിയൻ സന്ദർശനം പുതിയ ഉൾക്കാഴ്ച നൽകിയെന്ന് പിറ്റ്‌സ് സൊല്യൂഷൻസ് സിഇഒ റഫീക്ക് മുഹമ്മദ് പറഞ്ഞു.

വരും വർഷങ്ങളിൽ ഏറെ സാധ്യതയുളള വാണിജ്യേേമഖലയാണ് സംഘത്തിന്റെ സന്ദർശനത്തിലൂടെ സംസ്ഥാനത്തെ ഐടി കമ്പനികൾക്ക് തുറന്നു കിട്ടിയതെന്ന് ഇൻഫോ പാർക്ക് സിഇഒ ഋഷികേശ് നായർ പറഞ്ഞു.