വേതനവർധന തോട്ടംമേഖലയെ തകർക്കുമെന്ന് ഉപാസി

Posted on: October 20, 2015

DHARMARAJ-N.--UPASI-Big

കൂനൂർ : കേരളത്തിൽ നടപ്പാക്കിയ വേതനവർധന തോട്ടം മേഖലയെ തകർക്കുമെന്ന് ഉപാസി പ്രസിഡന്റ് എൻ. ധർമ്മരാജ്. കുറഞ്ഞവിലയും ഉയർന്ന ചെലവുകളും കാരണം പ്ലാന്റേഷൻ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ വേതനവർധന താങ്ങാനാവില്ല. മുമ്പ് ഇത്തരം സാഹചര്യമുണ്ടായപ്പോൾ വേതനവർധനയും ഡിഎയും മരവിപ്പിക്കാൻ 2002 മുതൽ 2008 വരെ ട്രേഡ് യൂണിയനുകളും ഗവൺമെന്റും ധാരണയിലെത്തിയിരുന്നു. എന്നാൽ 301 രൂപ മിനിമം കൂലിയായി നിശ്ചയിച്ചപ്പോൾ അനുബന്ധ ആനുകൂല്യങ്ങളും കൂടി 436 രൂപയാണ് നൽകേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വേതനവർധനവിന് ദക്ഷിണേന്ത്യയിലെ തോട്ടം ഉടമകൾ എതിരല്ല. അനുകൂലമല്ലാത്ത വിപണി സാഹചര്യങ്ങളും നികുതികളും ലെവികളും കൂടിയാകുമ്പോൾ തോട്ടം വ്യവസായത്തിന്റെ നിലനിൽപ്പ് അപകടത്തിലാകുന്നു. ഏഴ് എസ്റ്റേറ്റുകളും 14 ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. പ്ലാന്റേഷൻ ലേബർ ആക്ടിൽ അനുശാസിക്കുന്നതിനേക്കാൾ സൗകര്യങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാന്നുണ്ട്. ഇനിയും പിടിച്ചുനിൽക്കാനായില്ലെങ്കിൽ കൂടുതൽ തോട്ടങ്ങൾ അടച്ചുപൂട്ടേണ്ടിവരുമെന്നും എൻ. ധർമ്മരാജ് മുന്നറിയിപ്പ് നൽകി.

യുക്തിസഹമല്ലാത്ത വേതന വർധനയുടെ സാമ്പത്തികഭാരം തോട്ടവ്യവസായത്തിന് താങ്ങാനാവില്ല. കേരള ഗവൺമെന്റ് അടിയന്തരമായി പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.