കൊച്ചിയിൽ നിന്ന് കൂടുതൽ സർവീസുകളുമായി സ്‌പൈസ് ജെറ്റ്

Posted on: October 9, 2015

SpiceJet-Crew-Big

കൊച്ചി : സ്‌പൈസ് ജെറ്റ് പ്രതിദിന വിമാനസർവീസുകളുടെ എണ്ണം ഒക്‌ടോബർ 25 മുതൽ ഇപ്പോഴത്തെ 250 ഫ്‌ളൈറ്റുകളിൽനിന്നു 291 ആയി ഉയർത്തും. പത്തു റൂട്ടുകളിൽ പുതിയ സർവീസും 30 റൂട്ടുകളിൽ കൂടുതൽ സർവീസും 22 കണക്ഷൻ സർവീസുകളുമാണ് കമ്പനി പുതിയതായി ആരംഭിക്കുന്നത്. കൊച്ചി-മുംബൈ, കൊച്ചി-ഹൈദരാബാദ് റൂട്ടുകളിൽ രണ്ടു പുതിയ ഫ്‌ളൈറ്റുകൾ വീതവും കൊച്ചിയിൽനിന്നു അഹമ്മദാബാദിലേക്ക് കണക്ഷൻ ഫ്‌ളൈറ്റും പുതിയ സർവീസുകളിലുൾപ്പെടുന്നു.

പുതിയ സർവീസുകൾക്കായി ഒരു മാസത്തിനുള്ളിൽ ആറു പുതിയ വിമാനങ്ങൾ കൂടി ലഭ്യമാക്കും. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ കമ്പനിയുടെ ശേഷിയിൽ 16 ശതമാനം വർധനയും യാത്രക്കാർക്കു മെച്ചപ്പെട്ട സേവനം നല്കുവാനും കഴിയുമെന്നു സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ തലവനും സീനിയർ വൈസ് പ്രസിഡന്റുമായ ശില്പ ഭാട്ടിയ പറഞ്ഞു.

പുതിയ ഫ്‌ളൈറ്റ് സമയം

ഒക്ടോബർ 25 മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 1.05 ന് കൊച്ചിയിൽനിന്നു പുറപ്പെടുന്ന ഫ്‌ളൈറ്റ് ഉച്ചകഴിഞ്ഞു 3.05 ന് മുംബൈയിൽ എത്തിച്ചേരും. മുംബൈയിൽ നിന്നു വൈകുന്നേരം 4.50 ന് പുറപ്പെടുന്ന വിമാനം കൊച്ചിയിൽ 6.50 ന് എത്തിച്ചേരും.

കൊച്ചി – ഹൈദരാബാദ് ഫ്‌ളൈറ്റ് എല്ലാ ദിവസവും രാവിലെ 9.15 ന് കൊച്ചിയിൽ നിന്നു പുറപ്പെട്ടു രാവിലെ 11 ന് ഹെദരാബാദിലെത്തും. ഹൈദരാബാദിൽനിന്നു എല്ലാ ദിവസവും രാവിലെ 7.15 നാണ് കൊച്ചിയിലേക്കു സർവീസ്. കൊച്ചിയിൽ 8.45 ന് എത്തിച്ചേരും.

കൊച്ചി-അഹമ്മദാബാദ് കണക്ഷൻ ഫ്‌ളൈറ്റ് എല്ലാ ദിവസവും രാവിലെ 10.20 ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട് ഉച്ചകഴിഞ്ഞു 3.10-ന് അഹമ്മാദാബദിലെത്തും. അഹമ്മദാബാദിൽനിന്നു രാവിലെ 6.35-ന് പുറപ്പെടുന്ന കണക്ഷൻ ഫ്‌ളൈറ്റ് 11.25 ന് കൊച്ചിയിലെത്തും.