ഓഹരി വ്യാപാരത്തിന് സെൽഫിയുമായി ജിയോജിത്

Posted on: September 23, 2015

Geojit-Selfie-Launch-Big

കൊച്ചി : ഓഹരി നിക്ഷേപത്തിന് ഏറെ സഹായകമായ പ്ലാറ്റ്‌ഫോം സെൽഫി എന്ന പേരിൽ ജിയോജിത് ബിഎൻപി പാരിബ പുറത്തിറക്കി. രാജ്യത്തെ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയാണ് സെൽഫി അവതരിപ്പിച്ചത്. മുംബൈ ട്രൈഡന്റിൽ നടന്ന ചടങ്ങിൽ ജിയോജിത് ബിഎൻപി പാരിബ ചെയർമാൻ എ പി കുര്യൻ, മാനേജിംഗ് ഡയറക്ടർ സി ജെ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

നിക്ഷേപർക്ക് ട്രേഡിംഗിലും നിക്ഷേപത്തിലും പരിപൂർണമായി പരസഹായമില്ലാതെ ഓഹരിയിലും മ്യൂച്ചൽ ഫണ്ടിലും വിൽപ്പനയും വാങ്ങലും നടത്താൻ സെൽഫി വഴി സാധിക്കും. ഗവേഷണ ഉപദേശങ്ങളുൾപ്പെടെ ഒട്ടേറെ സവിശേഷതകൾ ഒരു പ്ലാറ്റ്്്‌ഫോമിൽ ലഭ്യമാക്കുന്ന സെൽഫി ഇന്ത്യയിൽ ഈ ശ്രേണിയിൽ ആദ്യത്തേതാണ്. സെൽഫിയുടെ വെബ് റിലീസിനോടൊപ്പം ടാബ്‌ലറ്റ് എഡിഷനും പുറത്തിറക്കി. ടച്ചിലൂടെ പ്രവർത്തിക്കുന്ന ഈ ടാബ് വേർഷൻ ആൻഡ്രോയ്ഡിലും ഐഒഎസിലും ഉപയോഗിക്കാം.

ഇഷ്ടാനുസരണം മാറ്റാവുന്ന ഡാഷ്‌ബോർഡ്, ചാർട്ടുകളിൽ നിന്നും ട്രേഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയ സവിശേഷതകൾ സെൽഫിയിലുണ്ട്. ഇന്ത്യയുടെ കാപ്പിറ്റൽ മാർക്കറ്റിൽ പുതിയ സാങ്കേതിക വിപ്ലവങ്ങൾ സൃഷ്ടിക്കുന്നതിൽ എന്നും മുൻനിരയിലാണ് ജിയോജിത് ബിഎൻപി പാരിബയെന്ന് രാകേഷ് ജുൻജുൻവാല അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഓഹരി വ്യാപാരാനുഭവമാണ് സെൽഫി സമ്മാനിക്കുതെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറ നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് ജിയോജിത് ബിഎൻപി പാരിബയുടെ പ്രധാന ലക്ഷ്യമെന്ന് എ പി കുര്യൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിപണി വളർച്ചയിലേക്ക് കുതിക്കുമ്പോൾ പുതുതായി വരുന്ന ലക്ഷക്കണക്കിന് നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് സെൽഫിയെന്നും അദ്ദേഹം പറഞ്ഞു.

ഓഹരി ഗവേഷണ ഫലങ്ങൾ, വിപണിയിലെ സാങ്കേതിക വിവരങ്ങൾ തുടങ്ങി പുതിയതും അനുഭവസമ്പന്നരുമായ നിക്ഷേപകർക്ക് ആവശ്യമുള്ളതെല്ലാം വിരൽത്തുമ്പിലെത്തിക്കുകയാണ് സെൽഫിയെന്ന് സി ജെ ജോർജ് അറിയിച്ചു. ഡിസൈൻ, സാങ്കേതികവിദ്യ, ട്രേഡിംഗ് ഫീച്ചറുകൾ എന്നീ കാര്യത്തിൽ സെൽഫി മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ മുമ്പുണ്ടായിരുന്ന ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പും മൊബൈൽ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പ്-മീയും 2010 ലാണ് പുറത്തിറക്കിയത്. പുതുതലമുറയിലെ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് സെൽഫി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ ഉപകരണങ്ങളിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ക്രോം, സഫാരി, മോസില്ല, ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ തുടങ്ങിയ ബ്രൗസറുകളിലും സെൽഫി പ്രവർത്തിക്കും. അത്യാധുനിക വെബ്
സാങ്കേതികവിദ്യയിൽ സെൽഫി രൂപകല്പന ചെയ്തത് ജിയോജിത് ടെക്‌നോളജീസാണ്.

പുതിയ സെൽഫി പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ എച്ച്ടിഎംഎൽ5 ചാർട്ടിംഗ് ടെക്‌നോളജി ഉൾപ്പെടുത്താനായതിൽ ഏറെ ആഹ്ലാദമുണ്ടെന്ന്   ചാർട്ട്   ഐക്യു എന്ന അമേരിക്കൻ കമ്പനിയുടെ സിഇഒ ആയ ഡാൻ ഷെലീഫർ പറഞ്ഞു. തങ്ങളുടെ ചാർട്ടിംഗും ചാർട്ടിൽ നിന്നും വ്യാപാരം ചെയ്യാനുള്ള സംവിധാനവും ജിയോജിത് ബിഎൻപി പാരിബയുടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതോടൊപ്പം ഏറ്റവും മികച്ച ടെക്‌നിക്കൽ അനാലിസിസ് സൗകര്യവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.