ഇൻഫോപാർക്കിൽ നാസ്‌കോം ബിസിനസ് ആക്‌സിലറേറ്റർ

Posted on: September 9, 2015

Nasscom-accelerator-@-Infop

കൊച്ചി : വളർന്നുവരുന്ന യുവസംരംഭകർക്ക് സഹായവുമായി നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ സർവീസസ് കമ്പനീസിന്റെ (നാസ്‌കോം) ബിസിനസ് ഇൻക്യുബേറ്റർ കം ആക്‌സിലറേറ്റർ കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിക്കുന്നു. ബാംഗ്ലൂരിനും കൊൽക്കത്തയ്ക്കും ശേഷം നാസ്‌കോമിന്റെ 10,000 സ്റ്റാർട്ടപ്‌സ് സംരംഭത്തിന്റെ ഭാഗമായി ആരംഭിക്കുന്ന മൂന്നാമത്തെ ആക്‌സിലറേറ്ററാണ് കൊച്ചിയിലേത്.

കൊച്ചിയിലെ നാസ്‌കോമിന്റെ സ്റ്റാർട്ടപ് വെയർഹൗസ് സെപ്റ്റംബർ 12 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. വ്യവസായ,ഐടി വകുപ്പു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങിൽ പങ്കെടുക്കും. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ വൻകിട സ്ഥാപനങ്ങൾ യുവസംരംഭകരുമായി അനുഭവസമ്പത്ത് പങ്കുവയ്ക്കുന്ന ഇടമാകും സ്റ്റാർട്ടപ് വെയർഹൗസ് എന്ന് ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ പറഞ്ഞു.

6,500 ചതുരശ്ര അടിയിൽ സജ്ജമാക്കിയിരിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ആക്‌സിലറേറ്ററിൽ സ്റ്റാർട്ടപുകൾക്ക് പ്രവർത്തിക്കാനും വിദഗ്ധരിൽ നിന്ന് മാർഗനിദ്ദേശം നേടാനും സൗകര്യമുണ്ടായിരിക്കും. കേരളത്തിലെ നാസ്‌കോം റീജണൽ ഓഫീസായും സ്റ്റാർട്ടപ് വെയർഹൗസ് പ്രവർത്തിക്കും.