കെഫിന്റെ കൃഷ്ണഗിരി പദ്ധതിയിൽ പ്രധാനമന്ത്രി താത്പര്യം പ്രകടിപ്പിച്ചു

Posted on: August 24, 2015

KEF-Holdings-Faizal-Kottiko

കൊച്ചി : ഫൈസൽ കൊട്ടികൊള്ളോന്റെ കെഫ് ഹോൾഡിംഗ്‌സ് 650 കോടി രൂപ ചെലവിൽ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ സ്ഥാപിക്കുന്ന ഇൻഡസ്ട്രിയൽ പാർക്കിന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി താത്പര്യം പ്രകടിപ്പിച്ചു. യുഎഇ സന്ദർശന വേളയിൽ അബുദാബിയിൽ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തിൽ ഫൈസൽ കൊട്ടിക്കൊള്ളോനുമായി സംസാരിക്കവെയാണ് പദ്ധതി പ്രദേശം സന്ദർശിക്കാൻ മോദി ആഗ്രഹം പ്രടിപ്പിച്ചത്.

അത്യാധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് ഓഫ്-സൈറ്റ് നിർമാണ രീതിയാണ് കൃഷ്ണഗിരിയിൽ കെഫ് അവലംബിച്ചിട്ടുള്ളത്. കെഫിന്റെ റോബോട്ടിക് സിസ്റ്റം ഉപയോഗപ്പെടുത്തിയുള്ള നിർമാണ പ്രക്രിയയും കംപ്യൂട്ടർ സഹായത്തോടുകൂടിയുള്ള രൂപകൽപനയും നിർമാണ സാമഗ്രികൾ പാഴായിപ്പോകുന്നത് തടയാനും സമയവും നിർമാണച്ചെലവും കുറക്കാനും സഹായകമാണ്. 2022 ആവുമ്പോഴേക്കും 5 കോടി ചെലവ് കുറഞ്ഞ വീടുകൾ എന്ന തന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ കെഫിന്റെ അത്യാധുനിക നിർമാണ പ്രക്രിയ സഹായകമാകുമോ എന്നറിയാനാണ് കൃഷ്ണഗിരി പ്രോജക്ട് സന്ദർശിക്കാൻ മോഡി താത്പര്യം കാട്ടിയത്.

പശ്ചാത്തല സൗകര്യ വികസന രംഗത്ത് അത്യാധുനിക സാങ്കേതിക ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് കെഫിന്റെയും നരേന്ദ്ര മോദിയുടേയും കാഴ്ചപ്പാട് ഒന്നുതന്നെയാണെന്ന് ഫൈസൽ കൊട്ടിക്കൊള്ളോൻ അഭിപ്രായപ്പെട്ടു. ഒരു നവ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നടപ്പാക്കാൻ പ്രയാസമെന്ന് തോന്നാമെങ്കിലും പരസ്പരം സഹകരണം വഴി ലക്ഷ്യ പ്രാപ്തി നേടാവുന്നതേയുള്ളൂ. കെഫിന്റെ പുതിയ ദൗത്യം ഇന്ത്യയുടെ നിർമാണ മേഖലയിൽ വിപ്ലവാത്മകമായ മാറ്റത്തിന് നാന്ദികുറിക്കുമെന്ന് കൊട്ടിക്കൊള്ളോൻ പറഞ്ഞു.

കെഫിന്റെ അത്യാധുനിക നിർമാണ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിലും ഗൾഫിലും സ്‌കൂളുകളും ആശുപത്രികളും നവീകരിച്ചു വരുന്നു. 2013-ൽ സംസ്ഥാന ഗവൺമെന്റിന്റെ സഹകരണത്തോടെ കോഴിക്കോട്ടെ ഒരു സർക്കാർ ഗേൾസ് സ്‌കൂൾ 90 ദിവസം കൊണ്ട് മനോഹരമായി മോടിപിടിപ്പിക്കുകയുണ്ടായി. ഇതിന്റെ വൻ വിജയത്തെത്തുടർന്ന് സംസ്ഥാനത്തെ പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 100 സ്‌കൂളുകൾ കൂടി നവീകരിക്കാനുള്ള ദൗത്യം കെഇഎഫിന്റെ ജീവകാരുണ്യ വിഭാഗമായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കയാണ്.

2007-ൽ സിംഗപ്പൂരിൽ സ്ഥാപിതമായ കെഫ് ഹോൾഡിംഗ്‌സിന് ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിൽ സാന്നിദ്ധ്യമുണ്ട്. പശ്ചാത്തല സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഉരുക്ക് ഉത്പാദനം, നിക്ഷേപം എന്നീ മേഖലകളിലായി കെഫ് ഇൻഫ്ര, കെഫ് ഹെൽത്ത്, കെഫ് എഡ്യൂക്കേഷൻ, കെഫ് അഗ്രി, കെഫ് മെറ്റൽസ്, കെഫ് ഇൻവെസ്റ്റ്‌മെന്റ് എന്നീ 6 കമ്പനികളായാണ് കെഫ് ഹോൾഡിംഗ്‌സിന്റെ പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫൈസൽ കൊട്ടികൊള്ളോന്റെ പത്‌നി ഷബാന ഫൈസലാണ് ഗ്രൂപ്പിന്റെ വൈസ് ചെയർപേഴ്‌സൺ