ഭൂമി ഏറ്റെടുക്കൽ ബില്ലിൽ സ്വകാര്യ മേഖലയെ ഉൾപ്പെടുത്തണമെന്ന് ബായ്

Posted on: July 24, 2015

ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർവാഹക സമിതി യോഗം ചെയർമാൻ ലാൽചന്ദ് ശർമ്മ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : നിർദ്ദിഷ്ട ഭൂമി ഏറ്റെടുക്കൽ ഭേദഗതി ബില്ലിന്റെ പരിധിയിൽ സ്വകാര്യ മേഖലയെയും ഉൾപ്പെടുത്തണമെന്ന് കൊച്ചിയിൽ ചേർന്ന ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബായ്) ദേശീയ നിർവാഹക സമിതി യോഗം കേന്ദ്രസർക്കാരിനോടഭ്യർത്ഥിച്ചു. രാജ്യത്ത് നൂറ് സ്മാർട്സിറ്റികൾ സ്ഥാപിക്കുന്നതടക്കമുള്ള നിരവധി പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഭവന നിർമ്മാണത്തെ ഒഴിവാക്കണമെന്ന് ബായ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നടപടി ക്രമങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും കാലതാമസം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് നിയമത്തിലെ വ്യവസ്ഥകൾ. ഇത് പാർപ്പിടങ്ങളുടെ വില വർധിക്കാൻ കാരണമാകും. 2022 ആവുമ്പോഴേക്കും എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ സർക്കാരിന് പാർപ്പിട നിർമ്മാതാക്കളുടെ സഹകരണം അത്യാവശ്യമാണ്. ഈ വസ്തുത കണക്കിലെടുത്തു വേണം നിയമങ്ങൾക്ക് രൂപം നൽകാൻ.

സിമന്റ് വില നിയന്ത്രിക്കാൻ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉപഭോഗം കുറഞ്ഞിട്ടും വില കുറയാത്തത് സിമന്റ് നിർമ്മാതാക്കൾ ഒറ്റക്കെട്ടായി ഉൽപ്പാദനം കുറക്കുന്നതുകൊണ്ടാണെന്ന് ബായ് ചൂണ്ടിക്കാട്ടി. പാർലമെന്ററി കമ്മറ്റിയുടെ ശുപാർശ അനുസരിച്ചുള്ള സിമന്റ് റെഗുലേറ്ററി അഥോറിട്ടി സ്ഥാപിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

ബായ് ചെയർമാൻ ലാൽചന്ദ് ശർമ്മ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മഹേഷ് എം. മുഡ്ഢ, എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജു ജോൺ, സംഘാടക സമിതി ചെയർമാൻ പ്രിൻസ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ അനിൽ ബായ് ആർ. സിൻസുൻവാഡിയ, അശോക് അഗർവാൾ, ട്രഷറർ സി. ജി.ദിയോചകേ, മുൻ ചെയർമാൻ എസ്. കെ. ബസു, കേരള ഘടകം ചെയർമാൻ ആർ. രാജേഷ്, കൊച്ചി സെന്റർ ചെയർമാൻ മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.