സൗത്ത് ഇന്ത്യൻ ബാങ്കിന് ഒന്നാം ക്വാർട്ടറിൽ 65.29 കോടി അറ്റാദായം

Posted on: July 17, 2015

SIB-LOGO-b

മുംബൈ : സൗത്ത് ഇന്ത്യൻ ബാങ്ക് ജൂൺ 30ന് അവസാനിച്ച നടപ്പുധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ 65.29 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം ഒന്നാം ക്വാർട്ടറിനേക്കാൾ 48.4 ശതമാനം കുറവാണിത്. 126.65 കോടി രൂപയായിരുന്നു 2014 ഏപ്രിൽ – ജൂൺ ക്വാർട്ടറിലെ അറ്റാദായം. പലിശവരുമാനത്തിലെ കുറവാണ് ലാഭം ഇടിയാൻ ഇടയാക്കിയത്.

കാസ നിക്ഷേപം 13.60 ശതമാനവും കോർ നിക്ഷേപം 20.16 ശതമാനവുമായി വർധിച്ചു. പ്രവാസി നിക്ഷേപങ്ങളിലാകട്ടെ 29.76 ശതമാനം ആണ് വളർച്ച. വായ്പകൾ 17.13 ശതമാനം വർധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തികൾ 0.3 ശതമാനം ഉയർന്ന് 1.21 ശതമാനവും മൊത്തം നിഷ്‌ക്രിയ ആസ്തികൾ 0.35 ശതമാനം വർധിച്ച് 1.85 ശതമാനമായി.

കാർഷിക, എംഎസ്എംഇ, ഭവന, വാഹന വായ്പകളിൽ യഥാക്രമം 57.24 ശതമാനം, 11.24 ശതമാനം, 39.39 ശതമാനം, 49.53 ശതമാനവും വളർച്ച രേഖപ്പെടുത്തി. നടപ്പു ധനകാര്യവർഷം പുതിയ 25 ശാഖകളും 25 എക്സ്റ്റൻഷൻ കൗണ്ടറുകളും 150 എടിഎമ്മുകളുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിൽ ആറു ശാഖകളും 44 എടിഎമ്മുകളും രണ്ട്എക്സ്റ്റൻഷൻ കൗണ്ടറുകളും ഒന്നാം ക്വാർട്ടറിൽ തുറന്നു.