അശോകസ്തംഭവും ദേശീയപതാകയും ദുരുപയോഗം ചെയ്യുന്നത് തടയണം

Posted on: July 14, 2015

Misuse-of-Ashok-sthambh-big

കോട്ടയം : സിനിമയിൽ ദേശീയപതാകയും അശോകസ്തംഭവും ദുരുപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, സെൻസർ ബോർഡ് എന്നിവർക്ക് പരാതി നൽകി.

പോലീസ് യൂണിഫോം ധരിച്ചു ഫോട്ടോയ്ക്കു പോസു ചെയ്ത എറണാകുളം ജില്ലാ കളക്ടർ രാജമാണിക്യത്തെ യൂണിഫോം ദുരുപയോഗം ചെയ്തുവെന്നു കാട്ടി താക്കീതു ചെയ്ത സംഭവത്തിന്റെ വെളിച്ചത്തിലാണ് പരാതി. അശോകസ്തംഭം പതിച്ച യൂണിഫോം ഐപിഎസ് റാങ്കിലുള്ളവർക്കും മിലിറ്ററി ഉദ്യോഗ്‌സഥർക്കും മാത്രമേ ഉപയോഗിക്കാനാവൂ എന്നിരിക്കെ സിനിമകളിൽ അശോകസ്തംഭം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, ലഫ്. ഗവർണർമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർ തുടങ്ങിയവർക്കു മാത്രമേ വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കാൻ അനുമതിയുള്ളു. എന്നാൽ താരങ്ങൾ ദേശീയപതാക ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് എബി ജെ. ജോസ് പരാതിയിൽ ചൂണ്ടിക്കാട്ടി.