മുതിർന്ന സംരംഭകരെ ടൈക്കോൺ ആദരിക്കും

Posted on: November 24, 2013

Tiecon-Logo

കേരളത്തിലെ മുതിർന്ന സംരംഭകരായ സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാൻ സി.വി. ജേക്കബ്, വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജ്യോതി ലാബറട്ടറീസ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ എം.പി. രാമചന്ദ്രൻ എന്നിവരെ ടൈക്കോൺ കേരളയിൽ ആദരിക്കും. പുതിയ തലമുറയ്ക്കു പ്രചോദനമായ ഇവരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ  നിന്ന് ആദരവ് ഏറ്റുവാങ്ങും.

ഡിസംബർ 13, 14 തീയതികളിൽ കൊച്ചിയിലെ ലെ മെറീഡിയൻ കൺവൻഷൻ സെന്ററിൽ  നടക്കുന്ന ടൈക്കോൺ കേരള 2013 ൽ ബിസിനസ് പ്രമുഖരും സംരംഭകരും  നിക്ഷേപകരും പങ്കെടുക്കുന്ന ആദ്യദിനത്തിലാണു മുതിർന്ന മലയാളി സംരംഭകരെ ആദരിക്കുന്നത്.

സുഗന്ധവ്യഞ്ജ്യൂങ്ങളുടെ രംഗത്തു വൈവിധ്യമാർന്ന മൂല്യവർധിത ഉത്പന്നങ്ങൾ  നിർമിക്കുന്നതിനു നേതൃത്വം  നല്കിവരുന്നു സി.വി. ജേക്കബ്. വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന, വൈവവിധ്യമാർന്ന ഇലക്ട്രിക്, ഇലക്‌ട്രോണിക്, ഇലക്‌ട്രോ മെക്കാനിക്കൽ ഉത്പന്നങ്ങൾ നിർമിക്കുകയും, വിനോദ വ്യവസായ മേഖലകളിൽ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്ത വി-ഗാർഡ് ഗ്രൂപ്പിന്റെ നേതൃത്വമാണു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്. വൈവിധ്യമാർന്ന ഉപഭോക്തൃ ഉത്പന്നങ്ങൾ  നിർമിച്ചു വിജയകരമായി വിപണനം  നടത്തി വിജയിച്ച സംരംഭകനാണ് എം.പി. രാമചന്ദ്രൻ. ഈ മൂന്നു മുതിർന്ന സംരംഭകരും കേരളത്തിനു സാധ്യമാകുന്നതെന്തെന്നു കാണിച്ചുകൊടുത്തുവെന്നു ടൈ കേരള പ്രസിഡന്റ് ജോൺ കെ. പോൾ പറഞ്ഞു.