അസെന്‍ഡ് 2019 : ഇന്‍വെസ്റ്റ് കേരള ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

Posted on: February 7, 2019

കൊച്ചി : സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11 ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അസെന്‍ഡ് 2019 ന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍വെസ്റ്റ് കേരള ഗൈഡ് പ്രകാശനം ചെയ്യും. ബോള്‍ഗാട്ടി ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, സിവില്‍, ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരിക്കും.

വ്യവസായ, കായിക, യുവജനകാര്യ മന്ത്രി ഇപി ജയരാജന്‍ ഇന്‍വെസ്റ്റ് കേരള പോര്‍ട്ടലിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ഇന്ത്യക്കകത്തും വിദേശത്തുമുള്ള സംരംഭകര്‍ക്ക് ഉദ്യോഗസ്ഥ തലത്തിലുള്ള നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിച്ച് അനായാസമായി ബിസിനസ് ആരംഭിക്കുന്നതിനുള്ള അവസരങ്ങള്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തിലുണ്ട് എന്ന് വിളിച്ചോതുന്ന അവതരണങ്ങള്‍ക്കാണ് അസെന്‍ഡ് 2019 വേദിയാകുക.

വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് പ്രയോജനം ലഭിക്കാനായി ഭരണസംവിധാനത്തിലും ബിസിനസ് അന്തരീക്ഷത്തിലും സ്വീകരിച്ച എല്ലാ പരിഷ്‌കാര നടപടികളും അണിനിരത്തും. സംസ്ഥാനത്ത് അനായാസമായി ബിസിനസ് ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ അവതരണങ്ങളിലൂടേയും പാനല്‍ ചര്‍ച്ചകളിലൂടെയും സമ്മേളനത്തില്‍ ഭരണ നയകര്‍ത്താക്കു മുന്നില്‍ അവതരിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സസ്(കെ-സ്വിഫ്റ്റ്), ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്റ് സിസ്റ്റം (ഐബിപിഎംഎസ്) എന്നിവയുടെ അവതരണവും നടക്കും.
സംസ്ഥാനത്ത് സംരംഭം തുടങ്ങുന്നതിനാവശ്യമായ ക്ലിയറന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രഥമ സംയോജിത പ്ലാറ്റ്‌ഫോമാണ് കെ-സ്വിഫ്റ്റ്.

എഫ്‌ഐസിസിഐ പ്രസിഡന്റ് സന്ദീപ് സൊമാനി, സിഐഐ സതേണ്‍ റീജിയണ്‍ ചെയര്‍മാന്‍ ആര്‍ ദിനേശ് തുടങ്ങി മേഖലയിലെ പ്രമുഖര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. മന്ത്രി ഇപി ജയരാജന്‍ അഭിസംബോധന ചെയ്യുന്ന സമാപന സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവനും പങ്കെടുക്കും. പ്രതിനിധികള്‍ക്ക് www.ascendkerala2019.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

TAGS: ASCEND 2019 |