ആഗോളവിപണി ലക്ഷ്യമാക്കിയുള്ള ഉത്പാദനത്തിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കണം : ഗവര്‍ണര്‍

Posted on: January 22, 2019

തിരുവനന്തപുരം : ആഗോള വിപണിയെ കീഴടക്കുന്നതില്‍ നമ്മുടെ കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള ഗുണനിലവാര മാനദണ്ഡം ഏകീകരിക്കുന്നതിനുള്ള കരട് മാതൃകകള്‍ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന കോഡക്സ് സമിതിയുടെ (സിസിഎസ്‌സിഎച്ച്) നാലാമത് യോഗം കോവളം ലീലാ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് ആഗോളവിപണിയെക്കുറിച്ചും മൂല്യ വര്‍ദ്ധനവിനെക്കുറിച്ചും അറിവു പകരണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. എങ്കില്‍ മാത്രമേ അവര്‍ക്ക് മികച്ച കാര്‍ഷിക രീതികള്‍ അവലംബിക്കാന്‍ കഴിയുകയുള്ളു. സാധാരണ കര്‍ഷകര്‍ക്ക് ആഗോള നിലവാരത്തിലുള്ള കാര്‍ഷിക സാങ്കേതികവിദ്യകള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സുഗന്ധവ്യഞ്ജനങ്ങള്‍ക്കു പുറമേ മറ്റു വിളകള്‍ക്കും ഊന്നല്‍ നല്‍കണം. കൃത്യമായ സംഭരണ സൗകര്യങ്ങളില്ലാതെ നശിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ കാര്യത്തില്‍ പരിഹാരമുണ്ടാകണം. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ  സുഗന്ധവ്യഞ്ജനോത്പാദനത്തില്‍ വളര്‍ച്ച കൈവരിക്കാനായെങ്കിലും ഇവയുടെ സംഭരണ സൗകര്യം ഇരട്ടിപ്പിക്കുന്നതിലൂടെ മൂല്യവര്‍ദ്ധനവ് അനയാസമായി നേടാനാകും. 25,000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളുടെ നാശത്തിലൂടെ 1,254 കോടി രൂപയാണ് ഈയിടെ കേരളത്തിലെ പ്രളയത്തില്‍ നഷ്ടപ്പെട്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

ആഗോള ഭക്ഷ്യവിപണിയുടെ നിലവാരത്തിനും സുരക്ഷയ്ക്കും അനുയോജ്യമായ രീതിയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം രൂപപ്പെടുത്തി വിപണനം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് ജനുവരി 25 വരെ നടക്കുന്ന അഞ്ചു ദിവസത്തെ യോഗം പ്രാമുഖ്യം നല്‍കുക. മുപ്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യ ആവിഷ്‌കരിച്ച കാര്‍ഷികോത്പ്പന്ന കയറ്റുമതി നയത്തിലൂടെ ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും മറ്റു ജൈവോത്പന്നങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ, വ്യോമയാന മന്ത്രി ശ്രീ സുരേഷ് പ്രഭു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

സുഗന്ധവ്യഞ്ജനോത്പാദനത്തില്‍ കീര്‍ത്തികേട്ട സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ നടക്കുന്ന കോഡക്‌സ് കമ്മിറ്റിയുടെ നാലാം യോഗം ഗുണകരമായ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ജൈവ സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വഴിതെളിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനത്തിലെ തടസങ്ങള്‍ തരണം ചെയ്യുന്നതിനും ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ഇല്ലാതെ സുതാര്യതയോടെ ഇവയുടെ ഗുണനിലവാരം ഏകീകരിക്കുന്നതിനും യോഗം സഹായക മാകുമെന്നും ഇത് ആഗോള ഭക്ഷ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡോ. ഷണ്‍മുഖസുന്ദരം ഐഎഎസ് പറഞ്ഞു.

TAGS: CCHCH |