അമൃത വിശ്വവിദ്യാപീഠത്തിൽ വനിതാ ശാക്തീകരണത്തിനായുള്ള രാജ്യാന്തര സമ്മേളനം

Posted on: December 24, 2018

കൊച്ചി : അമൃത വിശ്വവിദ്യാപീഠത്തിൽ വനിതാ ശാക്തീകരണത്തിനായുള്ള ആദ്യ രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചു. ലിംഗ നീതിക്കായുള്ള അമൃതയുടെ യുനെസ്‌കോ ചെയർ, സെന്റർ ഫോർ വിമെൻസ് എംപവർമെൻറ് ആൻഡ് ജെൻഡർ ഇക്വാളിറ്റി (സി ഡബ്‌ള്യു ഇ ജി ഇ), യുണൈറ്റഡ് നേഷൻസ് ഡെമോക്രസി ഫണ്ട് (യു എൻ ഡി ഇ എഫ്), അമൃത വിശ്വവിദ്യാപീഠത്തിലെ അമ്മച്ചി ലാബുകളിലെ വനിതാശാക്തീകരണ ടീം അംഗങ്ങൾ എന്നിവരുമായി സഹകരിച്ചാണ് ത്രിദിന രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചത്.

ജല, മാലിന്യ സംസ്‌കരണ മേഖലകളിൽ പ്രകൃതിയുടെ സ്രോതസുകൾ പരമാവധി പ്രയോജനപ്പെടുത്തി വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി സുസ്ഥിര പദ്ധതി തയാറാക്കുന്നതിനായി ഇന്ത്യയിലെ ഇസ്രായേലി കോൺസുലേറ്റ് സഹായിക്കുമെന്ന് സമ്മേളനത്തിൽ പ്രഖ്യാപിച്ചു. അമൃത നടത്തിവരുന്ന നൈപുണ്യ വികസന പരിശീലന പരിപാടികൾക്ക് പുറമെ പ്രധാനമന്ത്രി കൗശൽ വികാസ് പദ്ധതിയുമായി സഹകരിച്ച് അമൃത സെർവ്, സി ഡബ്‌ള്യു ഇ ജി ഇ എന്നിവരുടെ നേതൃത്വത്തിൽ ഒഡീഷ, ജാർഖണ്ഡ്, ഛത്തിസ്ഗഡ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ ആറ് ജില്ലകളിലായി കുട്ടികൾക്ക് പരിശീലനം നൽകാനും സമ്മേളനത്തിൽ ധാരണയായി.

പ്രഭാഷകയും എഴുത്തുകാരിയും രാജ്യാന്തര പോവർട്ടി, ജെൻഡർ, വികസന ഉപദേശകയുമായ ഡോ. ദീപ നാരായണൻ വനിതകൾക്കായുള്ള സന്നദ്ധ സംഘടനയായ സ്വയം സിദ്ധയുടെ സ്ഥാപക കൂടിയായ ജസ്റ്റിസ്. സ്വാതി ചൗഹാൻ, യുണിസെഫ് ഇന്ത്യ ശാലിനി പ്രസാദ്, ക്ലിന്റൺ ഹെൽത്ത് ആക്‌സസ് ഇനിഷ്യേറ്റിവ് ക്ലിനിക്കൽ സയൻസ് ഡയറക്ടറും ആഗോള ആരോഗ്യ വിദഗ്ധനുമായ ആൻഡി കർമോൻ എന്നിവർ മുഖ്യ പ്രഭാഷകരായിരുന്നു.

രാജ്യാന്തര പ്രതിനിധികൾക്ക് പുറമെ ഇന്ത്യയിലെ പതിനെട്ട് സംസ്ഥാനങ്ങളിലെ 21 ഗ്രാമങ്ങളിൽ നിന്നുള്ള 90 വനിതകൾ സമ്മേളനത്തിലും ചർച്ചയിലും പങ്കെടുത്തു. ഗ്രാമീണ ഇന്ത്യയിലെ സാനിറ്റേഷൻ പദ്ധതികൾ സംബന്ധിച്ച് വിദഗ്ധ ചർച്ചയും സമ്മേളനത്തിൽ നടന്നു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ച കേന്ദ്രസർക്കാർ ശുചീകരണ പദ്ധതികൾക്കായി നയരൂപീകരണം നടത്തുമെന്ന് അമൃത യുനെസ്‌കോ ചെയർ ഹോൾഡർ പ്രഫ. ഭവാനി റാവു പറഞ്ഞു.

ഗ്രാമീണ മേഖലകളിൽ മാറ്റത്തിന് നേതൃത്വം നൽകിയ വനിതകൾ, സർക്കാർ പ്രതിനിധികൾ, യു എൻ പ്രതിനിധികൾ, രാജ്യാന്തര വിദഗ്ധർ എന്നിവർക്ക് സംവദിക്കാനുള്ള മികച്ച വേദിയായി വനിതാ ശാക്തീകരണ സമ്മേളനം മാറി. അമൃത വിമെൻ എംപവർമെൻറ് സിസ്റ്റംസ് ഓറിയന്റഡ് മെത്തഡോളജി ഉപയോഗിച്ച് തയാറാക്കിയ ഓസം ഫ്രെയിം വർക്ക് സമ്മേളനത്തിൽ അവതരിപ്പിച്ചു.

വനിതാ ശാക്തീകരണത്തിനായി ശബ്ദം ഉയർത്തുക തന്നെ വേണമെന്ന് എഴുത്തുകാരിയും പ്രഭാഷകയും ഇന്റർനാഷണൽ പോവർട്ടി, ജെൻഡർ ആൻഡ് ഡെവലപ്‌മെൻറ് അഡൈ്വസർ ഡോ. ദീപ നാരായണൻ ആവശ്യപ്പെട്ടു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരസ്പരം ആശയങ്ങളും അറിവുകളും കൈമാറാൻ കഴിഞ്ഞ മികച്ച വേദിയായിരുന്നു സമ്മേളനമെന്ന് ക്ലിന്റൺ ഹെൽത്ത് ആക്‌സസ് ഇനിഷ്യേറ്റിവ് ക്ലിനിക്കൽ സയൻസ് ഡയറക്ടറും ആഗോള ആരോഗ്യ വിദഗ്ധനുമായ ആൻഡി കർമോൻ അഭിപ്രായപ്പെട്ടു.