കേരളാ ഭക്ഷ്യ ഉച്ചകോടിക്കു തുടക്കമായി

Posted on: December 20, 2018

കൊച്ചി : കേരളത്തിന്റെ തനതായ കാര്‍ഷിക വിളകളുടെ മൂല്യവര്‍ധന നടത്തി കര്‍ഷകര്‍ക്കു നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ കര്‍ഷകരെ സംരംഭകരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിക്കുന്ന കേരളാ ഭക്ഷ്യ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷി മന്ത്രി കെ. സുനില്‍കുമാര്‍.

മാവേലിക്കരയിലെ ഒരു കോടി രൂപയുടെ ഹണി പാര്‍ക്ക് ഈ മാസം ഉദ്ഘാടനം ചെയ്യും. 23 കോടി രൂപയുടെ ഹണി-ബനാനാ പാര്‍ക്ക് തൃശൂരിലും ആരംഭിക്കും. 14 കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഭൗമ സൂചികാ അംഗീകാരത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിര്‍മിച്ച് ആഗോളതലത്തില്‍ വളരുക എന്ന പ്രമേയവുമായാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ.) കേരളാ ഭക്ഷ്യ ഉച്ചകോടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഭക്ഷ്യ സംസ്‌ക്കരണ വ്യവസായത്തേയും ഭക്ഷ്യ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകളേയും ആഗോള നിലവാരത്തില്‍ മല്‍സര ക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ കാര്‍ഷിക രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഉല്‍പ്രേരകമാകുന്ന ഭക്ഷ്യ സംസ്‌ക്കരണ മേഖല പത്തു ശതമാനം നിരക്കിലാണു വളരുന്നതെന്ന് ഭക്ഷ്യ ഉച്ചകോടി ചെയര്‍മാന്‍ നവാസ് മീരാന്‍ ചൂണ്ടിക്കാട്ടി. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഭക്ഷ്യ സംസ്‌ക്കരണ മേഖലയ്ക്കായുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സി.ഐ.ഐ.യുടെ മികവിന്റെ കേന്ദ്രമായ ഫെയ്‌സ് സുപ്രധാന പങ്കാണു വഹിക്കുന്നതെന്നും നവാസ് മീരാന്‍ കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ സംസ്‌ക്കരണ മേഖലയുടെ ഒരുസുപ്രധാന കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുക യാണെന്ന് സി ഐ ഐ. കേരളാ ചാപ്റ്റര്‍ ചെയര്‍മാനും ധാത്രി ആയുര്‍വേദ മാനേജിങ് ഡയറക്ടറുമായ ഡോ. സജികുമാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഇന്നു മുന്നോട്ടു വെക്കുന്ന ശക്തമായ ബിസിനസ്, വളര്‍ച്ചാ സാധ്യതകള്‍ അവഗണിക്കാന്‍ ആഗോള കമ്പനികള്‍ക്കു സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. .

ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഫൂഡ് സ്റ്റാര്‍ട്ട് മത്സരമാണ് ഭക്ഷ്യ ഉച്ചകോടിയിലെ ഒരു പ്രധാന ആകര്‍ഷണം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ മേഖലയിലെ മുന്‍നിരക്കാരുമായി ഇടപഴകാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പിന് കാഷ് പ്രൈസിനു പുറമെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കായുള്ള സി.ഐ.ഐ.യുടെ പിന്തുണയും ലഭിക്കും.

ഭക്ഷ്യ സംസ്‌ക്കരണം അടക്കം വിവിധ മേഖലകളില്‍ നിന്നുള്ള 58 സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനവും ഫൂഡ് സമിറ്റിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. 11 മണി മുതല്‍ നാലര മണി വരെ ഈ പ്രദര്‍ശനം കാണാനാവുന്നതാണ്. ഭക്ഷ്യ സംസ്‌ക്കരണ മേഖലയ്ക്കായി കേരളത്തില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കല്‍, കയറ്റുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍, വിവിധ രാജ്യങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ പാലിക്കല്‍, ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലെ പുതിയ പ്രവണതകള്‍, സ്ഥായിയായ രീതിയില്‍ ഈ മേഖലയിലെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലെ വിശദമായ ചര്‍ച്ചകളും ഭക്ഷ്യ ഉച്ചകോടിയുടെ ഭാഗമായി നടന്നു വരുന്നുണ്ട്.

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാന്‍ കെ.എസ്. നിവാസ്, വി.എഫ്.പി.സി.കെ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സജി ജോണ്‍, കേരളാ ഭക്ഷ്യ ഉച്ചകോടി സഹ ചെയര്‍മാനും മഞ്ഞിലാസ് ഫൂഡ് ടെക് മാനേജിങ് ഡയറക്ടറുമായ വിനോദ് മഞ്ഞില, സി ഐ ഐ കേരള ഹെഡ് ജോണ്‍ കുരുവിള തുടങ്ങിയവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.