ദുരന്ത ലഘൂകരണത്തിനുള്ള സാങ്കേതികവിദ്യകളുമായി മേക്കര്‍ വില്ലേജ് സ്റ്റാള്‍

Posted on: December 13, 2018

കൊച്ചി : കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്റെ ആഘാതത്തില്‍നിന്ന് ടെക്കി സമൂഹം ഉള്‍ക്കൊണ്ട പാഠങ്ങള്‍ ഡിസൈന്‍ കേരള സമ്മിറ്റിന്റെ ഭാഗമായി ബോള്‍ഗാട്ടി ഇവന്റ് സെന്ററിലെ മേക്കര്‍വില്ലേജ് സ്റ്റാളില്‍ സാങ്കേതികവിദ്യാ വിസ്മയങ്ങളായി അവതരിച്ചു. മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ആപ്പുകളും ടൂളുകളും ദുരന്തലഘൂകരണത്തിന്റെ പുതിയ സാധ്യതകള്‍ക്ക് വഴി തുറക്കുന്നവയാണ്.

ഹൗസിംഗ് കോംപ്ലക്സുകളിലെയും ചെറുകിട ഇടത്തരം വ്യവസായ ശാല കളിലെയും മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള സ്മാര്‍ട്ട് സംവിധാനവുമായാണ് എക്കോഡ്യൂ പ്യൂവര്‍ വാട്ടര്‍ സൊല്യൂഷന്‍സ് എത്തിയിരിക്കുന്നത്. ലളിതമായ പ്രവര്‍ത്തനത്തിലൂടെ 90 മിനിറ്റിനുള്ളില്‍ ശുദ്ധജലം ലഭ്യമാക്കുന്ന ഈ സംവിധാനം പ്രളയവും ഭൂകമ്പവും പോലുള്ള ദുരന്ത വേളകളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കും.

നഗരങ്ങളില്‍ വീടുകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കെ ഇത്തരം സംവിധാനങ്ങള്‍ക്കുള്ള ഭാവിമൂല്യം വളരെ വലുതാണെന്ന് സംസ്ഥാന ഐ ടി സെക്രട്ടറി ശ്രീ. എം ശിവശങ്കര്‍ പറഞ്ഞു. കിണറുകളും സെപ്റ്റിക് ടാങ്കുകളും തമ്മില്‍ അധികം അകലമില്ലാത്ത ചെറിയ പ്ലോട്ടുകളിലുള്ള വീടുകള്‍ നഗരങ്ങളില്‍ പെരുകിക്കൊണ്ടിരിക്കുന്നത് വലിയ തോതില്‍ പകര്‍ച്ച വ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം സഞ്ചരിക്കുന്ന ജലശുദ്ധീകരണ  സംവിധാനം കേരളത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ശ്രീ. ശിവശങ്കരന്‍ ചൂണ്ടിക്കാട്ടി.

ഡോക്ടറോ നഴ്സോ ഇല്ലാത്ത അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാവുന്നതും നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതുമായ സ്മാര്‍ട്ട് ആശുപത്രി മുറിയാണ് മറ്റൊരു ആകര്‍ഷണം. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍മിതബുദ്ധി ഉപയോഗിച്ച് വിലയിരുത്തുന്ന ഇ സി ജി, 3ഡി സ്‌കാനിംഗ്, വെര്‍ച്വല്‍ ട്രയല്‍ റൂം തുടങ്ങിയ സംവിധാനങ്ങള്‍ പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രി മുറിയിലുണ്ട്. ശസ്ത്രാ റോബോടിക്സ് വികസിപ്പിച്ചെടുത്തിട്ടുള്ള സ്‌കാരാ റോബോട്ട് ആം ആശുപത്രി മുറി സ്മാര്ട്ട് ചെക്കപ്പിന് സദാ സജ്ജമാണ്.

ആശുപത്രികളില്‍ ആതുരശുശ്രൂഷക്കായി വികസിപ്പിച്ചെടുത്തിട്ടുള്ളതാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹ്യൂമനോയ്ഡ് റോബോട്ട്. ഇഗ്‌നിറ്റോറിയം സൊല്യൂഷന്‍സിന്റെ ഇന്‍ഡോര്‍ ട്രാക്കിംഗ് സംവിധാനം, ഡെസിന്‍ടോക്സ് ടെക്നോളജീസിന്റെ സ്റ്റാന്റിംഗ് വീല്‍ചെയര്‍ എന്നിവയും സ്മാര്‍ട്ട് ഹോസ്പിറ്റല്‍ റൂമിന്റെ ഭാഗമാണ്.

അടിയന്തര ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്ന ഇന്റലിജന്റ് ടെക്സ്‌റ്റൈല്‍ മറ്റൊരു മാതൃകയാണ്. ന്യോകാസ് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത ഈ വസ്ത്രം ധരിക്കുന്ന സ്ത്രീകളുടെ ദേഹത്ത് ഏതെങ്കിലും അക്രമി സ്പര്‍ശിച്ചാല്‍ വൈദ്യുതാഘാതമേല്‍ക്കുകയും അടിയന്തര സന്ദേശം പുറപ്പെടുവിക്കുകയും ചെയ്യും. ന്യോകാസിന്റെ ഇ ടെക്സ്റ്റൈല്‍ സൊല്യൂഷന്‍സ് അവതരിപ്പിക്കുന്ന ‘പെര്‍ഫെക്ട് ഫിറ്റ് സിസ്റ്റംസ്’ 3 ഡി സ്‌ക്ാനിംഗും വെര്‍ച്വല്‍ ട്രയല്‍ റൂമും ഉപയോഗിച്ച് 90 മിനിറ്റിനുള്ളില്‍ റെഡി മെയ്ഡ് വസ്ത്രങ്ങള്‍ നിര്‍മിക്കും.

ഗാര്‍ഹിക മാലിന്യത്തില്‍ നിന്ന് ഊര്‍ജോത്പാദനം നടത്താന്‍ കഴിയുന്ന സ്‌കാവഞ്ചര്‍ വേസ്റ്റ് ടെക്കിന്റെ ‘റിഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവല്‍’ സംവിധാനമാണ് മറ്റൊരു മികച്ച മാതൃക. ഇന്ധനം ലഭ്യമല്ലാത്ത വേളകളില്‍ ബാറ്ററി പവര്‍ ബാങ്കിലും സൗരോര്‍ജ സംവിധാനങ്ങളിലും ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന സീഡിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനം ദുരന്ത വേളകളില്‍ ഉപയോഗിക്കുന്നതിന് അനുയോജ്യമാണ്.

കന്നുകാലികളുടെ ആരോഗ്യപ്രശ്നങ്ങള്‍ വശകലനം ചെയ്യാന്‍ സഹായിക്കുന്നതാണ് റെസ്നോവ ടെക്നോളജീസ് വികസിപ്പിച്ചെടുത്തിട്ടുള്ള ഉപകരണം. നെറ്റ്വര്‍ക്ക് സേവനം ലഭ്യമല്ലാത്ത ഘട്ടങ്ങളില്‍ മൊബൈല്‍ എഫ് എം സംവിധാനം ഉപയോഗിച്ച് നഗരങ്ങളിലെ വാഹനഗതാഗതം നിരീക്ഷിക്കുന്ന സോഫ്റ്റ്‌വെയറാണ് എച്ച് ഡബ്ല്യൂ ഡിസൈന്‍ ലാബ്സ് അവതരിപ്പിക്കുന്നത്.

സാങ്കേതികവിദ്യ സാധാരണക്കാരന് പ്രയോജനപ്പെടണമെന്ന കാഴ്ചപ്പാടോടെയാണ് എക്സിബിഷനില്‍ സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്ന് മേക്കര്‍ വില്ലേജ് സിഇഒ ശ്രീ പ്രസാദ്
ബാലകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി.