നവകേരള നിര്‍മാണത്തിന്റെ രൂപകല്‍പന 100 വര്‍ഷം മുന്നില്‍ കണ്ടുള്ളതാകണം : എസ് ഡി ഷിബുലാല്‍

Posted on: December 12, 2018

കൊച്ചി : പ്രളയാനന്തര നവകേരളം രൂപകല്പന ചെയ്യുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള ആശയങ്ങള്‍ ഉരുത്തിരിയണമെന്ന ആഹ്വാനത്തോടെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ മേളയായ കൊച്ചി ഡിസൈന്‍ വീക്കിന് തുടക്കമായി.
അടുത്ത നൂറു വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള നവകേരള നിര്‍മിതിയുടെ രൂപകല്പനയാകണം ഉണ്ടാകേണ്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതല ഐടി സമിതി ചെയര്‍മാനുമായ എസ് ഡി ഷിബുലാല്‍ നിര്‍ദേശിച്ചു.

സാക്ഷരതയിലും ആരോഗ്യമേഖലയിലുമടക്കം കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വലുതായിരിക്കെ തന്നെ നവകേരള നിര്‍മിതിയില്‍ ഡിസൈനിംഗ് പോലുള്ള വിപ്ലവകരമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന ദൗത്യത്തില്‍ കേന്ദ്രീകരിച്ചുള്ള ആശയങ്ങളാണ് ഡിസൈന്‍ ഉച്ചകോടിയില്‍ ഉരുത്തിരിയേണ്ടത്. കേരളം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം ഈ ദൗത്യം. അത് മാലിന്യമുക്ത കേരളം എന്ന ആശയത്തില്‍ അധിഷ്ഠിതമായിരിക്കണം. രൂപകല്പനക്ക് അതിന്റെ സാമൂഹ്യമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുമ്പോഴാണ് അത് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുക.

കേരളത്തിന് ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കാനും ലോകത്തിന് തന്നെ മാതൃകയാകാനും സാധിക്കും. നവകേരള നിര്‍മിതി ലോകത്തിനു മുന്നില്‍ ഒരു റോള്‍ മോഡലായി നമുക്ക് അവതരിപ്പിക്കാന്‍ കഴിയണം. പുനര്‍നിര്‍മിക്കുന്ന നവകേരളത്തിന് സീറോ കാര്‍ബണ്‍ എമിഷന്‍, സീറോ വേസ്റ്റ്, സീറോ കറന്‍സി തുടങ്ങിയ ലക്ഷ്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈവരിക്കാന്‍ സാധിക്കുമെന്നും ഷിബുലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ 12 മാസത്തിനിടെ കേരളം ഒരുപാട് വിജയങ്ങള്‍ക്ക് സാക്ഷിയായി. നിരവധി പുതിയ കമ്പനികള്‍ കേരളത്തിലേക്ക് വന്നു. ഹാഷ് ഫ്യൂച്ചര്‍ കേരളത്തിനു മുന്നില്‍ പുതിയ വഴികള്‍ തുറന്നു. ഡിസൈന്‍ സമ്മിറ്റ് ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. ഡിസൈനിംഗ് ഉരുത്തിരിയുന്നത് സൃഷ്ടിപരമായ ചിന്തകളില്‍ നിന്നാണ്. മറ്റ് പല മേഖലകളിലുള്ളവരും തങ്ങളുടെ ജോലി കമ്പ്യൂട്ടറുകള്‍ എന്നാണ് ഏറ്റെടുക്കാന്‍ പോകുന്നതെന്ന് ആശങ്കപ്പെടുമ്പോള്‍ സൃഷ്ടിപരമായ രൂപകല്പനയില്‍ നിര്‍മിതബുദ്ധി ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ഷിബുലാല്‍ പറഞ്ഞു.