നവകേരള സൃഷ്ടിക്ക് ജർമനിയുടെ 720 കോടിയുടെ വായ്പ

Posted on: December 8, 2018

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ആസൂത്രണം ചെയ്ത് പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കുന്നതിന് ജർമ്മനി. കുറഞ്ഞപലിശയ്ക്ക് 720 കോടി രൂപയുടെ വായ്പയ്ക്കുപുറമെ 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടർ മെട്രോ പദ്ധതിക്ക് 940 കോടി രൂപ വായ്പയും കേരളത്തിന് നൽകുമെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ മാർട്ടിൻ നൈ പറഞ്ഞു.

ഇതിനായി കേന്ദ്ര തല പ്രാഥമിക ചർച്ചകളും സംസ്ഥാനതലത്തിൽ ഗവർണറുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. വിശ്രമത്തിലായതിനാൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായില്ല. ഉദ്യോഗസ്ഥ തല ചർച്ചകളിലൂടെ കരാറിനു രൂപം നൽകുമെന്നും താജ് ഹോട്ടലിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ അദേഹം വ്യക്തമാക്കി. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കേരളത്തെ പുനർനിർമിക്കുക, എത്രയും വേഗം ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ വീണ്ടെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ജർമനി കേരളത്തെ സഹായിക്കുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു.

ജർമൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യു വഴിയാണ് കുറഞ്ഞ പലിശയ്ക്ക് 720 കോടി രൂപ (90 ദശലക്ഷം യൂറോ) വായ്പയായി നൽകുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്ന തരത്തിൽ റോഡുകളും പാലങ്ങളും നിർമിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് ഈ വായ്പ.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള രാജ്യാന്തര വൈദഗ്ധ്യം നൽകുന്നതിന് 24 കോടി രൂപയുടെ (3 ദശലക്ഷം യൂറോ) സാങ്കേതിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയും ജർമനിയും തമ്മിലുള്ള സഹകരണത്തിന്റെ ഘടനാരൂപം അനുസരിച്ച് കൊച്ചി നഗരത്തെ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കുന്നതിനായി സംയോജിത വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ 940 കോടി രൂപയുടെ സഹായം നൽകും. ലോകബാങ്കിന്റെയും ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെയും സഹകരണവും ഇതിനുണ്ട്.

15 റൂട്ടുകളിലായി 41 ബോട്ടുജെട്ടികളും പത്ത് ദീപ സമൂഹങ്ങളെ (ജനസംഖ്യ 5 ലക്ഷം) ബന്ധിപ്പിക്കുന്ന 76 കിലോമീറ്റർ ശൃംഖലയും രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ദിനംപ്രതി ഒരു ലക്ഷം യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഈ പദ്ധതി 2035 ൽ പൂർത്തിയാകും. ഓരോ 10-20 മിനിട്ടിലും സർവീസ് നടത്തുന്ന രീതിയിൽ 78 ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്.

ഊർജമേഖലയിൽ കേരളവുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഒഴുകുന്ന സൗരോർജ പ്ലാന്റുകൾ കാരപ്പുഴ, മലമ്പുഴ എന്നിവിടങ്ങളിലെ ജലസംഭരണികളിൽ സ്ഥാപിക്കും. ഇതു സംബന്ധിച്ച പഠനം ഉടൻ പൂർത്തിയാകും. കേരളം വ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ള മേൽക്കൂര സൗരോർജ പദ്ധതികൾക്കും സഹായം നൽകാൻ ജർമനി സന്നദ്ധമാണ്. ഇതിനുവേണ്ടി ലളിതമായ വ്യവസ്ഥകളിൽ ധനസഹായം നൽകുന്നതിനുപുറമെ പദ്ധതി നടപ്പാക്കുന്നതിനുള്ള വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും പിന്തുണ നൽകുമെന്നും അദേഹം വ്യക്തമാക്കി.

ബംഗലുരു ഡെപ്യൂട്ടി കോൺസൽ ജനറൽ കാൾ ഫിലിപ്പ് എൽഡിംഗും തിരുവനന്തപുരം ഓണററി കോസൽ ഡോ. സയിദ് ഇബ്രാഹിമും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.