കിഴക്കമ്പലം മോഡലിനെ അനുകരിക്കാന്‍ ഉലകനായകന്‍

Posted on: December 7, 2018

കിഴക്കമ്പലം : രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഉത്തമ ഉദാഹരണമാണ് കിഴക്കമ്പലം പഞ്ചായത്ത് എന്ന് കമല ഹാസന്‍. തമിഴ് നാട്ടിലും ഇതേ മാതൃക പിന്തുടരുമെന്നും പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു. ഗോഡ്‌സ് വില്ല എന്ന പേരില്‍ ഞാറല്ലൂര്‍ കോളനിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി വിജയകരമായി പൂര്‍ത്തീകരിച്ച 37 വീടുകളുടെ താക്കോല്‍ധാന ചടങ്ങ് നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. നവ രാഷ്ട്രീയ നേതാക്കളുടെ പ്രധാന ലക്ഷ്യം പണം സമ്പാദിക്കുന്നതിലുപരി രഷ്ട്ര സേവനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എം.ഡിയും ട്വന്റി20 ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പടിഞ്ഞാറെക്കുടി രാജി വേലായുധന് ആദ്യ താക്കോല്‍ നല്കി കലഹാസന്‍ ഗോഡ്‌സ് വില്ലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മക്കള്‍ നീതി മയം അംഗങ്ങളായ സി.കെ കുമാരവേല്‍, പാരാജനാരായണന്‍, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, ഈസ്റ്റേണ്‍ ഗ്രൂപ്പ് എം.ഡി നവാസ് മീരാന്‍, അര്‍ജുന നാച്യൂറല്‍സ് എക്‌സ്ട്രാട്‌സ് ലിമിറ്റഡ് എം.ഡി പി ജെ കുഞ്ഞച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. 2 ബെഡ് റൂം, കാര്‍പോര്‍ച്ച്, അടുക്കള, ബാത്ത്‌റൂം, ടോയ്‌ലറ്റ്, സിറ്റ്ഔട്ട്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരു വീട്. വീടുകളിലേക്ക് വെള്ളം, റോഡ്, വഴി വിളക്ക് എന്നിവ ട്വന്റി20യുടെ നേതൃത്വത്തില്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. അതോടൊപ്പം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഫാന്‍, ഫാന്‍സി ലൈറ്റ്, ഡൈനിങ്ങ് ടേബിള്‍, മിക്‌സര്‍ ഗ്രൈന്റര്‍, ബെഡ്, ടി.വി, സോഫ എന്നീ അവശ്യ സാധനങ്ങള്‍ 50 ശതമാനം കിഴിവില്‍ നല്‍കും.

വിലങ്ങ്, കണ്ണാമ്പുറം കോളനികളിലെ വീടുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. വാസ്തു പ്രകാരം നിര്‍മ്മിച്ചിരിക്കുന്ന ഓരോ വീടും മുകളിലേയ്ക്ക് പണിയാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ലക്ഷം വീട് കോളനിയിലെ ഓരോ അന്തേവാസികള്‍ക്കും പുതിയ വീടുകള്‍ ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.