ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാര ബഹിഷ്‌കരണം ഹോട്ടലുടമകള്‍ പിന്‍വലിച്ചു

Posted on: December 5, 2018

കൊച്ചി : ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാര ബഹിഷ്‌കരണം താത്ക്കാലികമായി പിന്‍വലിച്ചതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ (കെ എച്ച് ആര്‍ എ) വ്യക്തമാക്കി. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ ഹോട്ടലുടമകളില്‍ നിന്നു വാങ്ങുന്ന കമ്മിഷന്‍ കുറയ്ക്കുക, അനാരേകഗ്യമായ ഓഫറുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു അസോസിയേഷനില്‍ അംഗങ്ങളായ ഹോട്ടലുകള്‍ കഴിഞ്ഞ ഒന്നു മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാതെ ബഹിഷ്‌കരണം നടത്തിയത്.

സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഓണ്‍ലൈന്‍ കമ്പനികള്‍ സമയം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പിന്‍മാറ്റമെന്നു ജില്ലാ പ്രസിഡന്റ് അസീസ്, സെക്രട്ടറി ടി.ജെ മനോഹരന്‍ എന്നിവര്‍ വ്യക്തമാക്കി.

നിശ്ചിത ദിവസത്തിനുള്ളില്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ചു സംസ്ഥാനതലത്തില്‍ ശക്തമായ ബഹിഷ്‌കരണം വീണ്ടും ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.