കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഒന്‍പതിന്

Posted on: November 30, 2018

മട്ടന്നൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജനുവരിയോടെ ദിവസേന 12 സര്‍വീസുകളുണ്ടാകുമെന്ന് കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി തുളസിദാസ് പറഞ്ഞു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒന്‍പതു
മുതല്‍ സര്‍വീസ് തുടങ്ങാന്‍ താത്പര്യമറിയിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും ജനുവരി ആദ്യം മുതലാണ് സര്‍വീസ് നടത്തുക. ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ – അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗോ എയര്‍ ഗള്‍ഫ് സര്‍വീസുകള്‍ക്കു പുറമെ ബംഗളുരു , ചെന്നൈ, ഹൈദരാബാദ്, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഉഡാന്‍ സര്‍വീസ് നടത്തുക.

ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള സര്‍വീസോടെയാണ് വിമാനത്താവളം കമ്മീഷന്‍ ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് വിമാനത്താവള ടെര്‍മിനലില്‍ നിലവിളക്ക് കൊളുത്തിയ ശേഷം വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും.