ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളുടെ ലിസ്റ്റിൽ സ്മാർട്ട്‌സിറ്റി കൊച്ചിയിലെ ലിറ്റ്മസ്7

Posted on: November 27, 2018

കൊച്ചി : ഇന്ത്യയിലെ 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ സ്മാർട്ട്‌സിറ്റി കൊച്ചിയിലെ ഐടി കമ്പനിയായ ലിറ്റ്മസ്7 ഇടം നേടി. തൊഴിലിടങ്ങളിലെ മികവ് വിലയിരുത്തുന്ന അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യയിലെ ഐടി മേഖലയിൽ നടത്തിയ സർവേയിലാണ് സ്മാർട്ട്‌സിറ്റി കൊച്ചിയിലെ കമ്പനി മികവ് തെളിയിച്ചത്.

ഗ്രേറ്റ് പ്ലേസ് ടു വർക്കിലേക്ക് 58 ൽ പരം രാജ്യങ്ങളിൽ നിന്ന് അപേക്ഷകൾ വരാറുണ്ട്. ഇക്കുറി ഏതാണ്ട് 600 ലധികം അപേക്ഷകളാണണ് വന്നത്. 160 ൽ പരം ഐടി അധിഷ്ഠിത കമ്പനികളെ വിലയിരുത്തിയതിനു ശേഷമാണ് 50 കമ്പനികളുടെ പട്ടിക തയാറാക്കിയത്.

വാൾമാർട്ട് ഉൾപ്പെടെയുള്ള ചില്ലറവിൽപന മേഖലയിലെ ഉപഭോക്താക്കൾക്ക് ഐടി സേവനം നൽകുന്ന കമ്പനിയാണ് ലിറ്റ്മസ്7. സ്മാർട്ട്‌സിറ്റി കൊച്ചി കൂടാതെ ഇസ്രായേൽ, യുകെ, അമേരിക്ക എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുണ്ട്. സ്മാർട്ട്‌സിറ്റി കൊച്ചിയുടെ കൊമേഴ്‌സ്യൽ ഐടി കെട്ടിടത്തിൽ 2017 ലാണ് ലിറ്റ്മസ്7 ഓഫീസ് ആരംഭിക്കുന്നത്. 27,000 ചതുരശ്ര അടിയാണ് ലിറ്റ്മസ്7 ഓഫീസിന്റെ വിസ്തീർണം.

ആഹ്ലാദം, വിശ്വാസ്യത, നായകത്വം, നൂതനത്വം എന്നിവയാണ് ലിറ്റ്മസ് 7 ന്റെ നാല് തൂണുകളെന്ന് സ്ഥാപകനും സിഇഒയുമായ വേണു ഗോപാലകൃഷ്ണൻ പറഞ്ഞു. ഓരോ ജീവനക്കാരനും വ്യത്യസ്തനാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് കമ്പനി മുന്നോട്ടു പോകുന്നത്. തൊഴിൽ മേഖലയുടെ ഭാവി രൂപീകരിക്കുന്ന സംസ്‌കാരം നിർമ്മിക്കാനാണ് ഉദേശിക്കുന്നതെന്നും അദേഹം പറഞ്ഞു.

ലിറ്റ്മസ്7 ന് ലഭിച്ച അംഗീകാരം സ്മാർട്ട്‌സിറ്റി കൊച്ചിയ്ക്ക് അഭിമാനം പകരുന്നതാണെന്ന് സിഇഒ മനോജ് നായർ പറഞ്ഞു. നൂതന സാങ്കേതിക വിദ്യയിലൂടെ ചില്ലറ വ്യാപാരത്തിന്റെ ഘടന തന്നെ മെച്ചപ്പെടുത്താനാണ് ലിറ്റ്മസ്7 ശ്രമിക്കുന്നത്. അതിന് സാങ്കേതിക മികവ് മാത്രമല്ല, ജീവനക്കാർക്ക് തങ്ങളുടെ കഴിവ് മുഴുവൻ പുറത്തെടുക്കാനുള്ള അന്തരീക്ഷം സംജാതമാക്കാനും അവർക്ക് കഴിഞ്ഞുവെന്നും അദേഹം പറഞ്ഞു.