ട്രാൻസ്ഫ്യൂഷൻ വിദഗ്ധരുടെ ദേശീയ സമ്മേളനം കൊച്ചിയിൽ

Posted on: November 25, 2018

ട്രാൻസ്‌മെഡ്‌കോൺ 2018 ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ ഉദ്ഘാടനം ചെയ്യുന്നു. ഡോക്ടർമാരായ ആർ. എൻ മക്രു, മനീഷ ശ്രീവാസ്തവ, വീണ ഷേണായി, കെ. സി സഞ്ജീവ് എന്നിവർ സമീപം.

കൊച്ചി : ട്രാൻസ്ഫ്യൂഷൻ ഏറ്റവുമധികം ജീവൻ രക്ഷിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയായി വളരെ വേഗത്തിൽ മാറിയതായി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ പറഞ്ഞു.

ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ സംഘടിപ്പിച്ച ഏഴാമത് ദേശീയ സമ്മേളനം ട്രാൻസ്‌മെഡ്‌കോൺ 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഈ രംഗത്ത് നിലവിലുള്ള വിദഗ്ധരായ 600 ഡോക്ടർമാരുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ പത്തിരട്ടിയായി വർധിക്കുമെന്നും അദേഹം പറഞ്ഞു. ഡോക്ടർമാരായ ആർ. എൻ മക്രു, മനീഷ ശ്രീവാസ്തവ, വീണ ഷേണായി, കെ. സി സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.

തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രി വൈസ് പ്രിൻസിപ്പലും ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവിയുമായ ഡോ. സുശീല ജെ ഇന്ന, അമൃത ആശുപത്രിയിലെ ഡോ വീണ ഷേണായി, മലബാർ കാൻസർ സെന്ററിലെ ഡോ. മോഹൻദാസ് മുരുഗേശൻ എന്നിവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ള ഡോക്ടർമാരടക്കം 1000 പ്രതിനിധികൾ പങ്കെടുത്തു. വിവിധ സെഷനുകളിലായി ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിക്കുകയും, രക്തദാനം, രക്ത കോശങ്ങളുടേയും മൂല കോശങ്ങളുടേയും ശേഖരണം, സംസ്‌കരണം തുടങ്ങി രക്തസംബന്ധമായ രോഗചികിത്സാ ശാസ്ത്രവിഭാഗമാണ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ.