ആയുര്‍വേദത്തിന്റെ കുതിപ്പിന് കേരളം മുന്‍കൈ എടുക്കണം

Posted on: November 23, 2018

കൊച്ചി : ആയുര്‍വേദ ഉത്പന്ന, സേവന മേഖലകളില്‍ കേരളത്തിനുള്ള ആധിപത്യം കണക്കിലെടുത്ത് ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് കേരളം തന്നെ മുന്‍കൈ എടുക്കണമെന്ന് വാണിജ്യ ഡയറക്ടര്‍ സംഗീത സക്സേന. ആഗോള ആയുര്‍വേദ വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം വിപുലപ്പെടുത്താനും ആയുര്‍വേദ മേഖലയുടെ നേട്ടങ്ങളും അവസരങ്ങളും വെല്ലുവിളികളും പരമാവധി പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയണമെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ആഗോള ആയുര്‍വേദ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംഗീത സക്സേന.

കേന്ദ്ര സര്‍ക്കാര്‍ പന്ത്രണ്ട് ചാമ്പ്യന്‍ സര്‍വിസ് മേഖലകള്‍ കണ്ടെത്തുകയും ഇവയ്ക്കായി അയ്യായിരം കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആയുര്‍വേദ മേഖലയ്ക്ക് കഴിയണം. ഇന്ത്യയുടെ കയറ്റുമതി വിപണിയില്‍ വലിയൊരു ശതമാനവും സേവന കയറ്റുമതിയാണ്. ഇതില്‍ തന്നെ സോഫ്റ്റ്വേര്‍ കയറ്റുമതി മാത്രം 45 ശതമാനം വരും. ഐ ടി, സേവന കയറ്റുമതികളില്‍ തൊണ്ണൂറു ശതമാനവും ലക്ഷ്യം വയ്ക്കുന്നത് യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലാണ്. രാജ്യത്തിന്റെ കയറ്റുമതി മേഖലയില്‍ വൈവിധ്യവത്കരണത്തിന് സമയമായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആഗോള വിപണിയില്‍ ഇന്ത്യന്‍ ആയുര്‍വേദം ബ്രാന്‍ഡ് ചെയ്യാനുള്ള നീക്കം  സന്തോഷകരമാണെന്നും ആയുര്‍വേദ മേഖലയില്‍ നിന്നും അത്തരമൊരു നീക്കമുണ്ടായാല്‍ വാണിജ്യ വകുപ്പ് അതിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സംഗീത പറഞ്ഞു.

മെഡിക്കല്‍ ടൂറിസം മേഖലയില്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആയുര്‍വേദ മേഖലയില്‍ മികച്ച പ്രതികരണം ഉണ്ടാക്കുന്നുണ്ടെന്നു സി ഐ ഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സജികുമാര്‍ പറഞ്ഞു. ഇന്ത്യയിലെ 4.4 ബില്യണ്‍ ആയുര്‍വേദ വിപണിയില്‍ 1.5ബില്യണ്‍ കേരളത്തിന്റെ സംഭാവനയാണ്. രാജ്യത്തെ ലൈഫ് എക്‌സ്പറ്റന്‍സി വര്‍ധിച്ച് വരികയാണ്. 30-75 പ്രായപരിധിയില്‍ ഉള്ളവരില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആയുര്‍വേദത്തില്‍ ഇതിനു ഫലപ്രദമായ ചികിത്സ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവീന സാങ്കേതിക വിദ്യകളായ നിര്‍മ്മിത ബുദ്ധി, റോബോട്ടിക്സ്, ബിഗ് ഡാറ്റ അനാലിസിസ്, തുടങ്ങിയവ ആയുര്‍വേദ മേഖല പരമാവധി പ്രയോജനപ്പെടുത്തണം. കര്‍ശനമായ വിസ ചട്ടങ്ങള്‍ ഇന്ത്യയിലേക്ക് ആയുര്‍വ്വേദം ആഗ്രഹിച്ചെത്തുന്ന വിദേശികളെ  പിന്തിരിപ്പിക്കുന്നുണ്ടെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡണ്ട് ബേബി മാത്യു സോമതീരം പറഞ്ഞു.