ഹര്‍ത്താലുകളോട് നോ പറഞ്ഞ് സൂപ്പര്‍മാര്‍ക്കറ്റ് അസോസിയേഷന്‍

Posted on: November 22, 2018

കൊച്ചി : ആവശ്യമായ മുന്നറിയിപ്പുകള്‍ ഇല്ലാതെ നടത്തുന്ന ഹര്‍ത്താലുകള്‍ വ്യാപാരമേഖലക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ ഹര്‍ത്താലുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സംസ്ഥാനത്തെ സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (എസ് ഡബ്ല്യു എ കെ)യുടെതാണ് തീരുമാനം.

പ്രളയക്കെടുതിയില്‍നിന്ന് പൂര്‍ണമായും കരകയറാത്ത കച്ചവടക്കാരുടെയും ജനങ്ങളുടെയും സമ്പത്തിനെ തകര്‍ക്കുന്നതാണ് ഹര്‍ത്താലുകളെന്ന് അവര്‍ ആരോപിച്ചു. ഒരു ദിവസം കട അടച്ചിടുമ്പോള്‍ കോടികളുടെ നഷ്ടമാണ് സൂപ്പര്‍മാര്‍ക്കറ്റ് മേഖലക്ക് ഉണ്ടാകുന്നത്.

ഒരു ദിവസം കൊണ്ട് കേടുവരുന്ന നിരവധി സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ട്. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ മൂലം ഇത്തരം സാധനങ്ങള്‍ ഉപയോഗ ശൂന്യമായി പോകുകയും വലിയ നഷ്്ടമാണ്ടാകുകയും ചെയ്യുന്നതായി എസ് ഡബ്ല്യു എ കെ ആരോപിച്ചു.

ഈ കാര്യത്തില്‍ അധികാരികള്‍ ഒരു തീരുമാനം കൈകൊള്ളാത്തപക്ഷം സമാന ചിന്താഗതിക്കാരുമായി കൂടിയാലോചിച്ച് ഒരു പ്രതിഷേധ നിര കെട്ടിപ്പടുത്ത് മുന്‍പോട്ടു പോകുമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ടയും സെക്രട്ടറി സോണിയും അറിയിച്ചു.

ജനറല്‍ സെക്രട്ടറി കെ സിയാവുദ്ദീന്‍ , ട്രഷറര്‍ അഡ്വ. മുഹമ്മദ് സലീം, അജ്മല്‍(ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റ്) സാജു മൂലന്‍(മൂലന്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ്) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.