ഡാറ്റമേറ്റ് ഇൻഫോസൊല്യൂഷൻസ് 3 പുതിയ സോഫ്റ്റ്‌വേറുകൾ പുറത്തിറക്കി

Posted on: November 21, 2018

കൊച്ചി : ഹോട്ടലുകൾക്കും ഹോസ്പിറ്റലുകൾക്കും വേണ്ടിയുള്ള സോഫ്റ്റ്‌വേർ  സർവീസ് നൽകുന്ന ഡാറ്റമേറ്റ് ഇൻഫോസൊല്യൂഷൻസ് മൂന്നു പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. എലെയ്ഡർ ഹോസ്പിറ്റൽ ഇൻഫർമേഷൻ സിസ്റ്റം, പർപ്പിൾ കീസ് ഗോൾഡ് ഹോട്ടൽ മാനേജ്മന്റ് സോഫ്റ്റ്‌വേർ, പ്രിമാറ്റോ ഹ്യൂമൻ റിസോഴ്‌സ് മാനേജ്മന്റ് സോഫ്റ്റ്‌വേർ എന്നിവ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന കമ്പനിയുടെ 25 ാം വാർഷിക ആഘോഷത്തിനിടെയാണ് പുറത്തിറക്കിയത്.

നാല്പതോളം മോഡ്യൂളുകൾ അടങ്ങിയ എലെയ്ഡർ ഹോസ്പിറ്റൽ ഇൻഫർമേഷൻ സിസ്റ്റം ഹോസ്പിറ്റലുകളുടെ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കാൻ ഉതകുന്ന തരത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തന ക്ഷമത മെച്ചപ്പെടുത്താൻ ഉപയുക്തമായ അനേകം പുതിയ സവിശേഷതകൾ എലെയ്ഡറിനുണ്ട്.

പ്രീമിയം ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാൻ മാനേജ്‌മെന്റിനെ സഹായിക്കുന്ന പ്രോഡക്റ്റ് ആണ് പർപ്പിൾ കീസ് ഗോൾഡ്. മൊബൈൽ ആപ്പുകൾ ഉപയോഗപ്പെടുത്തി കൂടുതൽ സുഗമവും ഫലപ്രദവുമായി ഹോട്ടൽ ചെയിനുകളുടെ നടത്തിപ്പ് പർപ്പിൾ കീസ് ഗോൾഡ് സാധ്യമാക്കുന്നു.

എല്ലാ വ്യവസായ മേഖലകൾക്കും ഉപയോഗപ്രദമായ രീതിയിൽ ഹ്യൂമൻ റിസോഴ്‌സ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന സോഫ്റ്റ്‌വേർ ആണ് പ്രിമാറ്റോ. സ്ഥാപനത്തിലെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ കാര്യക്ഷമമായ നടത്തിപ്പും തോഴിലാളികളുടെ മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും പ്രിമാറ്റോ സോഫ്റ്റ്‌വേർ ഉറപ്പു വരുത്തുന്നു.

ഡാറ്റമേറ്റിന്റെ ഇരുപത്തി അഞ്ചാം വാർഷിക ആഘോഷത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഡി. ഷിബുലാൽ മുഖ്യാതിഥി ആയിരുന്നു. മുൻ പ്രധാനമന്തി മൻമോഹൻസിംഗിന്റെ ഉപദേഷ്ടാവും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ടി.കെ.എ. നായർ, കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ രാഹുൽ ആർ പിള്ള, എമിറേറ്റ്‌സ് സ്‌പെഷാലിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ അല അത്താരി, ഡാറ്റാമേറ്റ് ഇൻഫോസൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ജോബി ജോൺ, ഡയറക്ടർമാരായ യു.സി. റിയാസ്, ശ്രീകുമാർ മേനോൻ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൊച്ചി പ്രത്യേക സാമ്പത്തിക വ്യാവസായിക മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡാറ്റമേറ്റ് ഇൻഫോസൊല്യൂഷൻസിൽ 140 സാങ്കേതിക വിദഗ്ധർ ജോലി ചെയ്യുന്നു. എട്ട് രാജ്യങ്ങളിലെ അഞ്ഞൂറിൽ പരം ഹോട്ടലുകളും ഹോസ്പിറ്റലുകളും ഡാറ്റാമേറ്റിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു.