തലസ്ഥാനത്ത് എയ്‌റോസ്‌പേസ് ഇന്നവേഷന്‍ സെന്റര്‍ തുടങ്ങും

Posted on: November 20, 2018

തിരുവനന്തപുരം : കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിമാന സാങ്കേതികവിദ്യയിലും പ്രതിരോധ മേഖലയിലും നൂതനത്വുവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് എയര്‍ബസും സംസ്ഥാന സര്‍ക്കാരും ധാരണാപത്രം ഒപ്പുവച്ചു. എയര്‍ബസിന്റെ ആഗോള വിമാന നിര്‍മാണ സ്റ്റാര്‍ട്ടപ് ആക്‌സിലറേറ്ററായ എയര്‍ബസ് ബിസ്‌ലാബ് ഇന്ത്യയും കേരള സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററായ കേരള സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്ന് ഇതിനായി തിരുവനന്തപുരത്ത് ഇന്നവേഷന്‍ സെന്റര്‍ സ്ഥാപിക്കും.

എയര്‍ബസ് ബിസ്‌ലാബ് ഇന്ത്യ മേധാവി സിദ്ധാര്‍ഥ് ബാലചന്ദ്രനും കെഎസ്‌യുഎം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് ധാരണാപത്രം കൈമാറി.

ചീഫ് സെക്രട്ടറി ടോം ജോസ്, ഇലക്‌ട്രോണിക്‌സ്-ഐടി സെക്രട്ടറി എം ശിവശങ്കര്‍, ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ്-ബോത്തെ, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം സി ദത്തന്‍, ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ്, ടെക്‌നോപാര്‍ക്ക് സിഇഒ ഹൃഷികേശ് നായര്‍, മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എയര്‍ബസ് ബിസ്‌ലാബുമായുള്ള സഹകരണം സംസ്ഥാനത്തെ വ്യവസായാന്തരീക്ഷത്തില്‍ കൂടുതല്‍ നൂതനത്വം കൊണ്ടുവരാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാട്ടിലെ യുവാക്കളില്‍ നൈപുണ്യമുള്ളവരാക്കാനും അവരുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

എയര്‍ബസ് എസ്ഇ എന്ന ഗ്രൂപ്പ് കമ്പനിയുടെ ഭാഗമാണ് ഫ്രാന്‍സിലെ ടുളൂസ് ആസ്ഥാനമായ എയര്‍ബസ് ബിസ്‌ലാബ്. മാഡ്രിഡ്, ഹാംബര്‍ഗ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ബിസ്‌ലാബിന് സെന്ററുകളുള്ളത്. ബാംഗ്ലൂര്‍ സെന്ററിനു കീഴിലായിരിക്കും തിരുവനന്തപുരത്തെ ഇന്നവേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും നല്‍കാനായി ബിസ്‌ലാബ് പ്രതിരോധം, വിമാന സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ശില്പശാലകളും ചര്‍ച്ചകളും പരിശീലന പരിപാടികളും ഇന്നവേഷന്‍ സെന്റര്‍ സംഘടിപ്പിക്കും.

സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിലും പങ്കാളിത്തപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഇന്നവേഷന്‍ സെന്ററിന് സഹായം ലഭിക്കും. സംരംഭകത്വം പ്രോത്സാഹിപ്പാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ പ്രോത്സാഹനമായിരിക്കും എയര്‍ബസ് ബിസ്‌ലാബിലൂടെ ലഭിക്കുകയെന്ന് ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് പറഞ്ഞു.

പ്രതിരോധ, വിമാന സാങ്കേതികവിദ്യാ മേഖലകളില്‍ ലോകത്തെതന്നെ പ്രമുഖ കമ്പനികളിലൊന്നായ എയര്‍ബസ് സംരംഭകത്വവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ബിസ്‌ലാബിലൂടെ ഏറെ മുന്നോട്ടുപോയതിന്റെ മെച്ചം ഇനി കേരളത്തിനും ലഭിക്കുമെന്ന് കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

TAGS: Aerospace | Airbus |