ഡിഎംഐസിഡിസി ലോജിസ്റ്റിക്‌സ് ഡേറ്റ സര്‍വീസുകള്‍ ഇനി കൊച്ചി തുറമുഖത്തും

Posted on: November 20, 2018

കൊച്ചി : ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴി വികസന കോര്‍പറേഷന്‍ (ഡിഎംഐസിഡിസി) ലോജിസ്റ്റിക്‌സ് ഡേറ്റ സര്‍വീസിന്റെ (ഡിഎല്‍ഡിഎസ്) കണ്ടെയ്‌നര്‍ ട്രാക്കിംഗ് സേവനങ്ങള്‍ രാജ്യത്തിന്റെ തെക്കു കിഴക്കന്‍ ഇടനാഴിയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി തുറമുഖത്തെയും പരിധിയില്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ ഏറ്റവും തിരക്കുള്ള അറബിക്കടല്‍ തുറമുഖങ്ങളിലൊന്നായ കൊച്ചിയില്‍ കണ്ടെയ്‌നര്‍ സര്‍വീസ് ട്രാക്കിംഗ് സംവിധാനം ചിട്ടപ്പെടുത്താനുതകുന്നതാണ് ഈ ഉദ്യമം.

നവംബര്‍ ഒന്നുമുതല്‍ ചെന്നൈ, വിശാഖപട്ടണം, കൃഷ്ണപട്ടണം എന്നിവിടങ്ങളില്‍ നിലവില്‍ വന്നതോടെ ഏകജാലക ട്രാക്കിംഗ് സംവിധാനമായ ലോജിസ്റ്റിക്‌സ് ഡേറ്റ ബാങ്ക്(എല്‍ഡിബി) ഈ തുറമുഖങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചമാക്കിയിട്ടുണ്ട്. കൊച്ചികൂടി ഉള്‍പ്പെട്ടതോടെ എല്‍ഡിബി സേവനങ്ങള്‍ രാജ്യത്തെ ഏഴു തുറമുഖങ്ങളിലെ 15 ടെര്‍മിനലുകളില്‍ ലഭ്യമായിത്തുടങ്ങി.

ഇതോടനുബന്ധിച്ചു നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡിഎംഐസിഡിസി സിഇഒ-യും എംഡിയുമായ ശ്രീ അല്‍കേഷ് കെ ശര്‍മ്മ, കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ എം ബീന, ഡിഎല്‍ഡിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ സുരജിത് സര്‍ക്കാര്‍, കൊച്ചി ഐസിടിടി ഡിപിഡബ്ല്യു ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പ്രവീണ്‍ തോമസ് ജോസഫ്, എന്‍ഇസി ടെക്‌നോളജീസ് ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ശ്രീ ഇചിരോ ഒഷിമ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തെ കണ്ടെയ്‌നര്‍ ഇടപാടുകളില്‍ 70 ശതമാനവും കൈകാര്യം ചെയ്യുന്ന എല്‍ഡിബി പടിഞ്ഞാറെ ഇടനാഴിയിലുള്ള ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റിനും സേവനം ലഭ്യമാക്കി. അതുവഴി അദാനി പോര്‍ട്ട്‌സിന്റെ ഹസിറ, മുണ്ട്ര തുറമുഖങ്ങളിലും അദാനി പ്രത്യേക സാമ്പത്തിക മേഖലയിലും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ദക്ഷിണ ഇടനാഴി കൂടിയാകുന്നതിനു മുന്നോടിയായി ഏകജാലക സംവിധാനത്തില്‍ 10 ദശലക്ഷം കയറ്റുമതി, ഇറക്കുമതി കണ്ടെയ്‌നറുകളുടെ ട്രാക്കിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

TAGS: DMICDC | Kochi Port |