ഇസ്രായേല്‍ കൊച്ചിയില്‍ വിസ കേന്ദ്രം തുറന്നേക്കും

Posted on: November 16, 2018

കൊച്ചി : കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം കൂടിയാല്‍ ഇസ്രായേല്‍ കൊച്ചിയില്‍ വിസ കേന്ദ്രം തുറക്കുമെന്ന് കൊച്ചിയില്‍ റോഡ് ഷോക്കെത്തിയ ഇസ്രായേല്‍ ടൂറിസം ഡയറക്ടര്‍ ( ഇന്ത്യ, ഫിലിപ്പീന്‍സ് ) ഹസാന്‍ മധാ പറഞ്ഞു.

ഇസ്രായേല്‍ ടൂറിസത്തിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ. 2018 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള 48,800 പേരാണ് ഇസ്രായേല്‍ സന്ദര്‍ശിച്ചത്. ഡിസംബറോടെ ഇത് 80,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത വര്‍ഷം ഒരു ലക്ഷം പേരെയാണ് ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതില്‍ 20 ശതമാനവും കേരളത്തില്‍ നിന്നുള്ളവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹി, മുംബൈ, ബംഗളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഇസ്രായേലിന് നിലവില്‍ വിസ കേന്ദ്രങ്ങളുള്ളത്. ഹൈദരാബാദില്‍ ഉടന്‍ ആരംഭിക്കും.കോരളത്തില്‍ നിന്നുള്ള വ്യക്തിഗത സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായാല്‍ കൊച്ചിയിലും വിസ കേന്ദ്രം തുടങ്ങാനാണ് പദ്ധതി.

വിസാ ഫീസ് 1,100 രൂപയായി കുറച്ചത് ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ തങ്ങളുടെ അവധിക്കാല കേന്ദ്രമായി ഇസ്രായേലിനെ തിരഞ്ഞെടുക്കാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: Israel |