പ്രളയക്കെടുതി : നബാർഡ് ചർച്ച നടത്തി

Posted on: October 6, 2018

കേരളം നേരിട്ട വെള്ളപ്പൊക്കവും മഴക്കെടുതികളും സംബന്ധിച്ച് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി നബാർഡ് സംഘടിപ്പിച്ച അവലോകന ചർച്ചയിൽ ഡി.ഡി.എം അശോക് കുമാർ നായർ, ദിവ്യ കെ.ബി, രമേഷ് വേണുഗോപാൽ, ജനറൽ മാനേജർ ഡോ. പി. സെൽവരാജ്, ഡിജിഎം ഉഷ കെ, എജിഎം സ്‌കറിയ മാത്യു എന്നിവർ.

കൊച്ചി : കേരളം അടുത്തിടെ നേരിട്ട വെള്ളപ്പൊക്കത്തേയും, മഴക്കെടുതികളെയും സംബന്ധിച്ച് നബാർഡ് അവലോകന ചർച്ചകൾ നടത്തി. നബാർഡിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻന്റെ (എഫ്.പി.ഒ) പ്രതിനിധികളുമായിട്ടാണ് ചർച്ച സംഘടിപ്പിച്ചത്. കർഷകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് എഫ്.പി.ഒകൾ പ്രവർത്തിക്കുന്നത്.

ലക്ഷദ്വീപിൽ രണ്ടെണ്ണമുൾപ്പെടെ നബാർഡ് കേരളയുടെ പ്രൊഡ്യൂസർ ഫണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന നൂറ്റിയൻപത് എഫ്.പി.ഒയാണ് ഉള്ളത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന പദ്ധതികളെ സമന്വയിപ്പിക്കാനൊരുങ്ങുകയാണ് നബാർഡ്. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലെ എഫ്.പി.ഒ കളുടെ സേവനങ്ങൾ വിലയിരുത്തുന്നതിനായിട്ടാണ് എറണാകുളത്ത് ചർച്ച സംഘടിപ്പിച്ചത്. ഇത്തരം ചർച്ചകൾ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മേഖലകളിലും നടത്തിയിരുന്നു. എല്ലാ എഫ്.പി.ഒ കളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നബാർഡ് വിലയിരുത്തി.

കുറഞ്ഞ അംഗസംഖ്യ, കുറഞ്ഞ ഷെയർ ക്യാപ്പിറ്റൽ, ഒരു ഉത്പന്നം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള സമീപനം തുടങ്ങിയ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. കർഷകരുടെ ഉത്പന്നങ്ങളുടെ വിപണി മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നബാർഡ് ജനറൽ മാനേജർ ഡോ. പി. സെൽവരാജ് ഉദ്ഘാടനം ചെയ്ത അവലോകന ചർച്ചയിൽ ഡിജിഎം ഉഷ കെ, എജിഎം സ്‌കറിയ മാത്യു, ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് മാനേജർ അശോക് കുമാർ നായർ , രമേഷ് വേണുഗോപാൽ, ദിവ്യ കെ.ബി എന്നിവരും പങ്കെടുത്തു.

TAGS: Nabard |