സിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2.90 കോടി രൂപ നൽകി

Posted on: October 1, 2018

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിലെ വെള്ളപ്പൊക്കത്തിനു പരിഹാരം കാണാൻ സമഗ്ര പദ്ധതി തയാറാക്കിവരികയാണെന്നു മുഖ്യന്ത്രി പിണറായി വിജയൻ. എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടന്ന സിയാലിന്റെ 24 ാമത് വാർഷിക പൊതുയോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദേഹം.

ആദ്യഘട്ടമായി ജലസേചന വകുപ്പ്, കിറ്റ്‌കോ എന്നീ ഏജൻസികളെ ഉൾപ്പെടുത്തി വിശദമായ പഠനം നടത്തും. ഇതിനു മുന്നോടിയായി സർവേ നടപടികൾ തുടങ്ങി. സമഗ്രമായ പദ്ധതിരേഖ ഒക്ടോബർ 15 ഓടെ സംഘം സമർപ്പിക്കുമെന്നും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ചെയർമാൻ കൂടിയായ മുഖ്യന്ത്രി പറഞ്ഞു.

ഭാവിയിൽ വെള്ളപ്പൊക്കത്തിൻറെ ആഘാതം കുറയ്ക്കുകയാണു ലക്ഷ്യം. സെപ്റ്റംബർ 10 മുതൽ 12 വരെ സിയാൽ പരിസരങ്ങൾ സന്ദർശിച്ച ഡച്ച് എൻജിനിയർമാരുടെ കണ്ടെത്തലുകൾ പഠനത്തിൽ ഉപകാരപ്രദമാകും. വെള്ളപ്പൊക്കനിവാരണ പദ്ധതികൾ ആവിഷ്‌കരിക്കാൻ കെപിഎംജിയുടെ സേവനം ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിയാൽ മാനേജിംഗ് ഡയറക്ടർ വി. ജെ. കുര്യൻ, മന്ത്രിമാരും സിയാൽ ഡയറക്ടർ ബോർഡ് അംഗങ്ങളുമായ മാത്യു ടി. തോമസ്, തോമസ് ഐസക്, വി.എസ്. സുനിൽകുമാർ, പദ്മശ്രീ എം എ യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽ സിയാലിനു ലഭിച്ച ഐക്യരാഷ്ട്രസഭയുടെ 2018 ലെ ചാമ്പ്യൻസ് ഓഫ് എർത്ത് അവാർഡ്, സിയാൽ എംഡി വി. ജെ. കുര്യൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാലിലെ സ്ഥിര ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായ 2.90 കോടി രൂപയുടെ ചെക്കും കൈമാറി.