ഫെഡറൽ ബാങ്ക് അനുബന്ധ കമ്പനി ഇൻഫോപാർക്കിൽ

Posted on: September 14, 2018

കൊച്ചി : ഫെഡറൽ ബാങ്കിൻറെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനി കാക്കനാട് ഇൻഫോപാർക്ക് ക്യാമ്പസിൽ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. അനുബന്ധ കമ്പനി രൂപീകരിക്കുന്നതിനായി റിസർവ് ബാങ്കിൽ നിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാങ്കിൻറെ ബാക്ക്ഓഫീസ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതും സമന്വയിപ്പിക്കുന്നതും പുതിയ കമ്പനി ആയിരിക്കും.

ഇൻഫോപാർക്കിൽ പാട്ടത്തിനെടുത്ത 12,000 ചതുരശ്ര അടി സ്ഥലത്തായിരിക്കും പുതിയ കമ്പനി പ്രവർത്തിക്കുക. ഇത് സംബന്ധിച്ച ധാരണാപത്രം ഫെഡറൽ ബാങ്ക് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ശാലിനി വാര്യരും ഇൻഫോപാർക്ക് സി ഇ ഒ ഹൃഷികേശ് നായരും കൈമാറി. ഇൻഫോപാർക്ക് മാർക്കറ്റിംഗ് മാനേജർ അരുൺ രാജീവൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ജോൺസൺ കെ ജോസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമാരായ എം. എം സേവ്യർ, പി. ജി റെജി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫെഡറൽ ബാങ്കിൻറെ ചരിത്രത്തിലെ നാഴികക്കല്ലാണിതെന്നും കൂടുതൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇതിലൂടെ സാധിക്കുമെന്നും ശാലിനി വാര്യർ പറഞ്ഞു.