കേരള പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

Posted on: August 19, 2018

കുപ്പിവെള്ള നിർമാതാക്കളുടെ സംഘടനയായ കേരള പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ (കെ.പി.ഡി.എ) ഉദ്ഘാടനം കൊച്ചിയിൽ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിർവഹിക്കുന്നു. ഇ.പി.വിബിൻ, ജേക്കബ് എബ്രാഹം, തമീസ് മുഹമ്മദ്, എൻ. നാസർ, രാജീവ് മേനോൻ, ഹൈബി ഈഡൻ എംഎൽഎ, വിജീഷ് വിശ്വനാഥൻ, ജി.ജയപാൽ, പ്രിൻസ് ജോർജ് എന്നിവർ സമീപം.

കൊച്ചി : ജല സാക്ഷരതയിൽ കേരള സമൂഹം പിന്നിലെന്ന് മന്ത്രി മാത്യു ടി തോമസ്. കൊച്ചിയിൽ കുപ്പിവെള്ള നിർമാതാക്കളുടെ സംഘടനയായ കേരള പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (കെ.പി.ഡി.എ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ജീവൻ നിലനിറുത്തുന്നതിന് അടിസ്ഥാന ഘടകമായ ജലം മലിനമാക്കരുത്. ജീവൻ അപഹരിക്കുന്നതിന് തുല്യമാണെന്നും, നദികൾ, തോടുകൾ, കുളങ്ങൾ, കനാലുകൾ, തടാകങ്ങൾ എന്നിവ മലിനമാക്കുന്നവർക്ക് മൂന്നുവർഷം തടവ് ശിഷ ലഭിക്കുന്ന തരത്തിൽ പുതിയ നിയമം ഈ സർക്കാർ പാസാക്കിയതായും അദേഹം പറഞ്ഞു.

കുട്ടനാട്ടിലെ പ്രളയ ദുരിത ബാധിതർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കിയ കെപിഡിഎയെ മന്ത്രി പ്രശംസിച്ചു. ഹൈബി ഈഡൻ എംഎൽഎ സംഘടനയുടെ ലോഗോ പ്രകാശനവും, അംഗത്വ വിതരണവും നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന ജനറൽ ബോഡിയിൽ പ്രസിഡന്റ് രാജീവ് മേനോൻ, മുഖ്യ രക്ഷാധികാരി ജേക്കബ് അബ്രഹാം, സെക്രട്ടറി ഇ.പി. വിബിൻ, ട്രഷറർ തമീസ് മുഹമ്മദ് തുടങ്ങിയവർ ചുമതലയേറ്റു.

ഉപയോഗ ശൂന്യമായ കുപ്പികൾ സംഘടനയുടെ നേതൃത്വത്തിൽ വില നൽകി തിരിച്ചെടുക്കുന്ന പദ്ധതി കൊച്ചിയിൽ ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് രാജീവ് മേനോൻ പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രസിഡന്റ് വി. അയ്യപ്പൻ നായർ, ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ പ്രസിഡന്റ് ബാദുഷ കടലുണ്ടി, ബേക്കേഴ്‌സ് അസോസിയേഷൻ കേരള പ്രസിഡന്റ് വിജീഷ് വിശ്വനാഥൻ, കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.