കണ്ണൂര്‍ വിമാനത്താവളം : ഒക്‌ടോബറില്‍ സര്‍വീസ് തുടങ്ങും

Posted on: August 1, 2018

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഒക്‌ടോബറില്‍ സര്‍വീസ് തുടങ്ങും. എല്ലാ അനുമതികളും സെപ്റ്റംബര്‍ മധ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കും. ഡല്‍ഹിയില്‍ വ്യോമഗതാഗതവകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ നടന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.

പ്രതിരോധ വകുപ്പ്, സി.ഐ.എസ്.എഫ്, കാലാവസ്ഥാ നിരീക്ഷണവിഭാഗം എന്നിങ്ങനെ വിമാനത്താവളത്തിന് അനുമതി നല്‍കേണ്ട എല്ലാ വിഭാഗത്തിന്റെയും മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ഓരോ വിഭാഗത്തിന്റെയും അനുമതി നല്‍കേണ്ട തീയതികള്‍ തീരുമാനിച്ചു.

റണ്‍വേയില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിംഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കുന്ന കാലിബ്രേഷന്‍ വിമാനം മട്ടന്നൂര്‍ മേഖലയിലെ കനത്തമഴ കാരണമാണ് അയക്കാന്‍ വൈകുന്നതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു. മഴ കുറഞ്ഞാലുടന്‍ കാലിബ്രേഷന്‍ നടത്തും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആദ്യം തന്നെ സര്‍വീസ് അനുവദിക്കും. തത്കാലം ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികള്‍ക്കാവും അനുമതി. വിദേശ എയര്‍ലൈന്‍സുകളെ ആദ്യമേതന്നെ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തത്കാലം പരിഗണിക്കാനാവില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

ഉഡാന്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ കേരളം വീണ്ടും ചര്‍ച്ച നടത്തണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു. ഉഡാന്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ മൂന്നു വര്‍ഷത്തേക്ക് മറ്റ് സര്‍വീസുകള്‍ അനുവദിക്കില്ലെന്ന തീരുമാനം കണ്ണൂരിന്റെ കാര്യത്തില്‍ ഒഴിവാക്കാമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഉഡാന്‍ സര്‍വീസിന്റെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ നിലപാട് പിന്നീടറിയിക്കാമെന്ന് കേരളത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.

സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് നായര്‍ ചൗധരി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, റെസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, കിയാല്‍ എം.ഡി വി തുളസീദാസ്, കണ്ണൂര്‍ വിമാനത്താവള പദ്ധതി ചീഫ് പ്രോജക്ട് മാനേജര്‍ ഇന്‍ ചാര്‍ജ് ഷിബുകുമാര്‍, എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗുരുദാസ് മഹാപത്ര, സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍, കമ്മീഷണര്‍ ഓഫ് ബ്യൂറോ ഓഫ് എമിഗ്രേഷന്‍സ് രാജീവ് രജ്ഞന്‍ വര്‍മ എന്നിവര്‍ പങ്കെടുത്തു.