ഒബ്‌റോൺ സ്പിരിറ്റ് ഓഫ് വുമൺ 2018 അവാർഡുകൾ സമ്മാനിച്ചു

Posted on: July 17, 2018

ഒബ്‌റോൺ സ്പിരിറ്റ് ഓഫ് വുമൺ 2018 അവാർഡ് ജേതാക്കൾ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന ഐഎഎസ്, ഒബ്‌റോൺ മാൾ മാനേജിംഗ് ഡയറക്ടർ എം.എം. സുഫൈർ, സെന്റർ മാനേജർ ജോജി ജോൺ എന്നിവർക്കൊപ്പം.

കൊച്ചി : രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചയിൽ സ്ത്രീകളും പങ്കാളികളാകണമെന്നും എല്ലാ സ്ത്രീകളും സാമ്പത്തികമായി ശാക്തീകരിക്കപ്പെടണമെന്നും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന ഐഎഎസ്. കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാളായ ഒബ്‌റോണിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 10 വനിതകൾക്ക് ഒബ്‌റോൺ സ്പിരിറ്റ് ഓഫ് വുമൺ 2018 അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. എം. ബീന.

അയിഷ ബീവി (ട്രാൻസ്‌പോർട്ട്), എൽസി സാബു (ലവ് ആൻഡ് കെയർ), ഗായത്രി സോമശേഖർ (വിദ്യാഭ്യാസം), ജില്ലി പി. ജിയോ (അധ്യാപനം), ഹർഷ തച്ചേരി (സ്ത്രീ ശാക്തീകരണം), ഹേമലത മേനോൻ (പ്രൊഫഷണൽ സ്‌കിൽ ഡവലപ്‌മെന്റ്), ജീജ പി. സദാശിവൻ (മെഡിക്കൽ കെയർ), നസീറ അജേഷ് (പോലീസ്), പ്രഭാ മണി (കുടുംബശ്രീ), സോഫിയ എം.ജോ (സ്‌പോർട്‌സ്) എന്നീ വനിതകളെയാണ് 5000 രൂപ ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഫലകവും നൽകി ആദരിച്ചത്.

ഒബ്‌റോൺ മാളിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ 100 സ്ത്രീകളെയാണ് ഷോർട്ട് ലിസ്റ്റ് ചെയ്തത്. ഒബ്‌റോൺ മാനേജ്‌മെന്റ് പ്രതിനിധികളും, ഫാക്ട് മുൻ സിഎംഡിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.ജോർജ് സ്ലീബ, കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് ഡയറക്ടർ ഡോ. ബി. പ്രസന്ന സിംഗ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്. ഒബ്‌റോൺ മാൾ മാനേജിംഗ് ഡയറക്ടർ എം.എം. സുഫൈർ, സെന്റർ മാനേജർ ജോജി ജോൺ എന്നിവർ പ്രസംഗിച്ചു.

TAGS: Oberon Mall |