ഇടപ്പള്ളി മെട്രോസ്‌റ്റേഷനിൽ നിന്നും ലുലുമാളിലേക്ക് ആകാശപാത

Posted on: June 15, 2018

കൊച്ചി : ലുലു മാളിലേക്ക് ഇടപ്പള്ളി മെട്രോസ്‌റ്റേഷനിൽ നിന്നും ആകാശപാത തുറന്നു. മെട്രോ സ്‌റ്റേഷനിൽ ഇറങ്ങുന്നവർക്ക് ഇനി സ്‌റ്റേഷന് പുറത്തിറങ്ങാതെ ലുലുമാളിലേക്ക് പ്രവേശിക്കാനാകും. ലുലു മാളിലെ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവർക്ക് റോഡിൽ ഇറങ്ങാതെ മെട്രോ ട്രെയിനിൽ കയറി തിരിച്ചു പോകാം. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് സ്‌കൈവാക്കിലൂടെയുള്ള പ്രവേശനം.

കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷ് സ്‌കൈവാക്ക് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. നിഷാദ്, കൊച്ചി മെട്രോ പ്രോജക്ട് ഡയറക്ടർ തിരുമാൻ അർജുൻ, സിസ്റ്റം ഡയറക്ടർ കെ.ആർ. കുമാർ, ഫൈനാൻസ് ഡയറക് ടർ ഡി.കെ. സിൻഹ, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു സിഎഫ്ഒ എ. ശേഖർ, കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം, സുധീഷ് നായർ, എൻ.ബി. സ്വരാജ്, ദാസ് ദാമോദരൻ, കെ.വി. പ്രസൂൺ, ഒ. സുകുമാരൻ, ജവഹർ ഭാഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മെട്രോ സ്‌റ്റേഷനിൽ ഇറങ്ങി ലുലു മാളിൽ പ്രവേശിച്ച ആദ്യ യാത്രക്കാരെ കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷും ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. നിഷാദും ചേർന്ന് സ്വീകരിച്ചു.

ലുലുവിന്റെ ആർക്കിടെക്ചർ വിഭാഗം രൂപകൽപന ചെയ്ത ആകാശപാത എട്ടുമാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. അഞ്ച് കോടിയിലേറെ രൂപ ലുലു ഗ്രൂപ്പ് ഇതിനായി ചെലവഴിച്ചു. പ്രത്യേക ലിഫ്റ്റുകളും ഇതിനായി ഇവിടെ നിർമ്മിച്ചിട്ടുണ്ട്.