പോർട്ടബിൾ എംആർഐ സ്‌കാനറുമായി ടാറ്റാ ട്രസ്റ്റ്

Posted on: June 10, 2018

കൊച്ചി : ടാറ്റാ ട്രസ്റ്റിന്റെ ഫൗണ്ടേഷൻ ഫോർ ഇന്നവേഷൻ ആൻഡ് സോഷ്യൽ എന്റർപ്രണർഷിപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി ഉയർന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പോർട്ടബിൾ എംആർഐ (മാഗ്നറ്റിക് റിസൊണൻസ് ഇമേജിംഗ്) സ്‌കാനർ രൂപകൽപ്പന ചെയ്തു. ചെലവുകുറഞ്ഞ രീതിയിൽ എംആർഐ ലഭ്യമാക്കാൻ പുതിയ സഹായിക്കും. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ള വോക്‌സൽഗ്രിഡ്‌സിലെ വിദഗ്ധരായ എൻജിനീയർമാർ 24 മാസംകൊണ്ടാണ് പോർട്ടബിൾ എംആർഐ സ്‌കാനർ വികസിപ്പിച്ചെടുത്തത്.

പുതിയ 1.5 ടെസ്‌ല ഹോൾബോഡി എംആർഐ സ്‌കാനർ ഉപയോഗിച്ച് നിലവിൽ വിപണിയിലുള്ള സ്‌കാനറുകളേക്കാൾ മൂന്നു മുതൽ നാലിരട്ടി വരെ വേഗത്തിൽ സ്‌കാൻ ചെയ്യാൻ സാധിക്കും. വലിപ്പവും ഭാരവും കുറവാണന്നത് മാത്രമല്ല വൈദ്യുതി ചെലവും കുറവാണ്. എംആർഐ സ്‌കാനിങ്ങിന്റെ ചെലവ് വളരെയധികം കുറയ്ക്കാനും കൂടുതൽ രോഗങ്ങൾ എംആർഐ സ്‌കാൻ ഉപയോഗിച്ച് തിരിച്ചറിയാനും ഇതുവഴി കഴിയും. പൂർണമായും എടുത്തുകൊണ്ടുപോകാവുന്ന ഹോൾ ബോഡി ഹൈ ഫീൽഡ് എംആർഐ സ്‌കാനറാണിത്. ഒരു ട്രക്കിൽ ഉറപ്പിച്ച് വിദൂരസ്ഥമായ സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പോലും തത്സമയം രോഗികളുടെ ഇമേജിംഗ് നടത്തുന്നതിനും സാധിക്കും.

കണ്ടുപിടുത്തങ്ങളും സംരംഭങ്ങളും വിജയിക്കാൻ ക്രിയാത്മകതയും കഠിനാദ്ധ്വാനവും സഹിഷ്ണുതയും ആവശ്യമാണെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയർമാൻ രത്തൻ എൻ. ടാറ്റ പറഞ്ഞു. ഇക്കാര്യം എംആർഐ പ്രോജക്റ്റ്് സംഘം തെളിയിച്ചതിൽ സന്തോഷമുണ്ട്. നൂതന കാര്യങ്ങൾ കണ്ടെത്തുന്നതിനായി ഏറ്റവും വിദഗ്ധരായവരെ അനുകൂലമായ സാഹചര്യവും പ്രോത്സാഹനവും നല്കി സംരംഭകരംഗത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചാൽ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി രംഗത്ത് മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് അദേഹം പറഞ്ഞു.