മുൻ ചീഫ് സെക്രട്ടറിമാരും ഡിജിപിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Posted on: May 31, 2018

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരും ഡി. ജിപിമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചും നവകേരളം മിഷനുകളെക്കുറിച്ചും ചീഫ് സെക്രട്ടറി പോൾ ആന്റണിയും പോലീസ് വകുപ്പ് നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ഡി. ജി.പി ലോക്‌നാഥ് ബഹ്‌റയും വിശദീകരിച്ചു. സിവിൽ സർവീസും പോലീസിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ മുൻ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരും നൽകി. നിർദ്ദേശങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മികച്ച പരിശീലനം നൽകേണ്ട ആവശ്യകത യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സർവീസ് മേഖലയ്ക്കാകെ ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പാക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പദ്ധതി ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ഫയൽ നീക്കം വേഗത്തിലാക്കുന്നതിന് ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചു വരികയാണ്.

സംസ്ഥാനത്താകെ റോഡുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്. റോഡരികിലെ കടകളിലെ ക്യാമറ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. എറണാകുളത്ത് ഇത്തരത്തിൽ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടക്കുന്നുണ്ട്.

നവകേരളം മിഷന്റെ പുരോഗതി വിലയിരുത്തുന്നതിന് സ്വതന്ത്ര സംവിധാനം വേണമെന്ന നിർദ്ദേശം നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താഴെതലത്തിലെ അഴിമതി നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കും. പോലീസ് സ്‌റ്റേഷനുകളിലെ സൗകര്യം വർദ്ധിപ്പിക്കും. കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ അവലോകനം സംസ്ഥാനം നടത്തുന്നുണ്ട്. പോലീസ് കമ്മീഷണറേറ്റ് ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ലോക്കൽ സ്‌റ്റേഷനുകളിലെ കേസ് അന്വേഷണവും ക്രമസമാധാന പാലനവും വെവ്വേറെയാക്കുന്നതിന് നടപടി സ്വീകരിക്കും. വാഹന പരിശോധനയിൽ പാലിക്കേണ്ട മര്യാദ കർശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുൻ ചീഫ് സെക്രട്ടറിമാരായ സി. പി. നായർ, ജോൺ മത്തായി, പി. ജെ. തോമസ്, കെ. ജോസ് സിറിയക്, കെ. ജയകുമാർ, നളിനി നെറ്റോ, ഡോ. കെ. എം. എബ്രഹാം, മുൻ ഡിജിപിമാരായ സി. സുബ്രഹ്മണ്യം, ആർ. പദ്മനാഭൻ, കെ. ജെ. ജോസഫ്, പി. കെ. ഹോർമിസ് തരകൻ, രമൺ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ്, കെ. എസ്. ബാലസുബ്രഹ്മണ്യം, ടി. പി. സെൻകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ എന്നിവരും സന്നിഹിതരായിരുന്നു.