രോഗിയെ മയക്കാതെ തലച്ചോറിലെ ട്യൂമർ നീക്കി ; ജനറൽ ആശുപത്രിക്ക് അപൂർവ നേട്ടം

Posted on: May 30, 2018

എറണാകുളം ജനറൽ ആശുപത്രയിൽ. അപൂർവ ശസ്ത്രക്രിയക്കു വിധേയനായ ഫോർട്ട് കൊച്ചി സ്വദേശി ജംഹെർ നേഴ്‌സുമാരായ അംബുജം, ശ്യാമള, ഡോ. ഡാൽവിൻ തോമസ്, ഡോ. സമീർ സിയാദ്ദീൻ, ഡോ. ബിന്ദു മോൾ വി.ആർ എന്നിവർക്കൊപ്പം.

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ രോഗിയെ പൂർണമായും മയക്കാതെ തലച്ചോറിലെ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. ആദ്യമായാണ് കേരളത്തിലെ വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രം നടന്നു വരുന്ന ഈ ശസ്ത്രക്രിയ ജനറൽ ആശുപത്രിയിൽ ചെയ്യുന്നത്.

ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. ഡാൽവിൻ തോമസിന്റെയും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബിന്ദു മോൾ വി.ആർ, ഡോ. സമീർ സിയാദ്ദീൻ, നേഴ്‌സുമാരായ അംബുജം, ശ്യാമള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഫോർട്ട് കൊച്ചി സ്വദേശിയായ ജംഹെറിന്റെ തലച്ചോറിൽ കൈകാലുകളുടെ ചലനശേഷിയെ നിയന്ത്രിക്കുന്ന ഭാഗത്ത ട്യൂമറാണ് നീക്കം ചെയ്തത്.

മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ ലോക്കൽ അനസ്‌തേഷ്യയും നിയന്ത്രിത സെഡേഷനും നൽകിയാണ് നിർവഹിച്ചത്. ശസ്ത്രക്രിയയിലുടനീളം രോഗി ഉണർന്നിരിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും നിർദേശാനുസരണം കൈകാലുകൾ ചലിപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന രോഗി ഇപ്പോൾ നടന്നു തുടങ്ങി.

കോട്ടയം മെഡിക്കൽ കോളേജാണ് കേരളത്തിൽ ഇതിനു മുൻപ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയ സർക്കാർ ആശുപത്രി. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവു വരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ചികിത്സാസഹായ പദ്ധതിയിലൂടെ പൂർണമായും സൗജന്യമായാണ് നിർവഹിച്ചത്. ആസ്റ്റർ മെഡിസിറ്റിയിലെ ന്യൂറോ സർജനായിരുന്ന ഡോ. ഡാൽവിൻ തോമസ് 2 മാസം മുൻപാണ് നാഷണൽ ഹെൽത്ത് മിഷൻ മുഖേന ജനറൽ ആശുപത്രിയിൽ നിയമിതനായത്.