ബസ് യാത്രക്കാർക്ക് കൊച്ചി 1 മെട്രോ കാർഡുമായി കെ.എം.ആർ.എൽ

Posted on: May 27, 2018

കൊച്ചി : കെ.എം.ആർ.എൽ. ആക്‌സിസ് ബാങ്ക് കൊച്ചി 1 മെട്രോ കാർഡ് ബസുകളിലേക്കും വ്യാപിപ്പിക്കുന്നു. നഗരത്തിലെ ആയിരത്തിലേറെ ബസുകളിലേക്ക് ഈ രീതിയിൽ പണം സ്വീകരിക്കാനും ടിക്കറ്റുകൾ നൽകാനുമുള്ള സംവിധാനം വ്യാപിപ്പിക്കുന്നതിന് ആക്‌സിസ് ബാങ്ക്, കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ വഴി സ്വകാര്യ ബസ് ഓപറേറ്റർമാരുമായി ധാരണാ പത്രം ഒപ്പു വെച്ചു.

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, ഹൈബി ഈഡൻ എംഎൽഎ, അക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (കാർഡ്‌സ് & എംഎബി), ഗതാഗത സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, കെ.എം.ആർ.എൽ. എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊച്ചിയിലെ യാത്രക്കാർക്ക് സൗകര്യപ്രദമായി ബുദ്ധിമുട്ടില്ലാത്ത യാത്ര ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓപൺ ലൂപ് ഇ.എം.വി. കോൺടാക്ട്്‌ലെസ് മെട്രോ കാർഡാണ് 2017 ജൂണിൽ പുറത്തിറക്കിയ കൊച്ചി 1 കാർഡ്. യാത്രക്കാർക്ക് തങ്ങളുടെ കാർഡ് കൈകാര്യം ചെയ്യാനും സഞ്ചരിച്ചു കൊണ്ടിരിക്കെ തങ്ങളുടെ യാത്രയ്ക്കായുള്ള ക്യു.ആർ. ടിക്കറ്റുകൾ ലഭിക്കാനും സഹായിക്കുന്ന മൊബൈൽ ആപ്പും ബാങ്കിനുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കാർഡിൽ നിലവിലുള്ള ബാലൻസ് പരിശോധിക്കാനും ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി റീ ലോഡു ചെയ്യാനും കാർഡ് ഉപയോഗം സംബന്ധിച്ച മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കാനും സമയ വിവരപ്പട്ടിക, നിരക്കുകൾ എന്നിവ പരിശോധിക്കാനും ആവശ്യമെങ്കിൽ കാർഡ് ബ്ലോക്കു ചെയ്യാനുമെല്ലാം ഈ ആപ്പു വഴി സാധിക്കുമെന്ന് കെ.എം.ആർ.എൽ. എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.

TAGS: Axis Bank | KMRL |