ഡിജിറ്റൽ സാധ്യതകൾ വഴി ചികിത്സ ചെലവ് കുറയ്ക്കണം: അജിത് ബാലകൃഷ്ണൻ

Posted on: March 29, 2018

സൈം ഇൻസ്റ്റിറ്റ്യൂട്ടും കെ എം എ യും ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച അഞ്ചാമത് കെ. ടി ചാണ്ടി സ്മാരക പ്രഭാഷണ ചടങ്ങിൽ റീഡിഫ്് ഡോട്ട് കോം സ്ഥാപകനും ചെയർമാനുമായ അജിത് ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു. സൈം കൊച്ചി ഡയറക്ടർ ഡോ. മനോജ് വർഗീസ്, പി. സി സിറിയക്, സൈം സ്ഥാപകനും ചെയർമാനുമായ പ്രഫ. ജെ. ഫിലിപ്പ്, കെഎംഎ പ്രസിഡണ്ട് വിവേക് കൃഷ്ണ ഗോവിന്ദ്, ഡോ. ജെ. അലക്സാണ്ടർ, ആർ. മനോമോഹനൻ, കെഎംഎ ജോയിന്റ് സെക്രട്ടറി ചെറിയാൻ പീറ്റർ എന്നിവർ സമീപം.

കൊച്ചി : ഡിജിറ്റൽ സാമ്രാജ്യത്വത്തിൻറെ കാലഘട്ടമാണ് നിലവിലുള്ളതെന്ന് റീഡിഫ് ഡോട്ട് കോം സ്ഥാപക ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അജിത് ബാലകൃഷ്ണൻ. സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് എൻട്രപ്രൂണർഷിപ്പും കേരള മാനേജ്മെൻറ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് കെ. ടി ചാണ്ടി സമരക പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ ഇന്ത്യൻ മാനേജ്മെൻറ് വിദഗ്ധനായിരുന്ന കെ. ടി ചാണ്ടി പ്രഥമ സംസ്ഥാന പ്ലാനിംഗ് ബോർഡ് ആദ്യ വൈസ് ചെയർമാൻ ആയിരുന്നു.

ഡിജിറ്റൽ യുഗത്തിലാണ് ഇന്ത്യയുടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ, റഷ്യൻ തെരഞ്ഞെടുപ്പുകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയും സമൂഹ മാധ്യമങ്ങളും വ്യാപകമായി ഉപയോഗപ്പെടുത്തി. ഇന്ത്യ ഇനിയും ഇത്തരം സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തിയിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തിയാൽ ധനകാര്യ സേവന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.

രാജ്യത്തെ ജുഡീഷ്യൽ സംവിധാനം ഡിജിറ്റൽവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഇതിലൂടെ ഒഴിവാക്കാൻ കഴിയും. മുംബൈയിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. രാജ്യവ്യാപകമായി ഇത് പ്രയോജനപ്പെടുത്തണം. ആരോഗ്യ പരിരക്ഷ മേഖലയിൽ കൂടുതൽ പരീക്ഷണങ്ങൾ നടന്നു വരുന്നു. ആയുർവേദ മേഖലയടക്കം ഡിജിറ്റൽ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആരോഗ്യ പരിരക്ഷ സാധാരണക്കാർക്കും താങ്ങാൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ സേവനം പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം.

സാങ്കേതിക വിദ്യകൾ കൂടുതൽ മെച്ചപ്പെട്ടെങ്കിലും ചികിത്സയും ആരോഗ്യ പരിരക്ഷയും ചെലവ് കുറച്ച് നൽകാൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. തങ്ങൾ ജോലി ചെയ്യേണ്ടവരല്ല, മാനേജർമാരായി മാത്രം ഇരിക്കേണ്ടവരാണ് എന്ന ധാരണ മാനേജ്മെൻറ്, ഐ ടി വിദ്യാർഥികൾ ഉപേക്ഷിക്കണം. സാങ്കേതിക വിദ്യകൾ വളരുന്നു എന്നത് ശരിയാണ്. പക്ഷെ അത് കൂടുതൽ മെച്ചപ്പെടുത്താനുള്ള സമീപനം കൂടി സ്വീകരിക്കാൻ പുതുതലമുറ ബാധ്യസ്ഥരാണ്. എത്ര പേർ നമുക്ക് റിപ്പോർട്ട് ചെയ്യും എന്നതാണ് പഠന കാലയളവിൽ താനെ വിദ്യാർഥികളുടെ ചിന്ത. ഈ സമീപനം മാറിയേ തീരു. കൂടുതൽ ആശയങ്ങളും രൂപകല്പനകളും വിദ്യാർഥികളിൽ നിന്നുണ്ടാവണമെന്നും അജിത് ബാലകൃഷ്ണൻ പറഞ്ഞു.

സൈം കൊച്ചി ഡയറക്ടർ ഡോ. മനോജ് വർഗീസ്, പി. സി സിറിയക്, സൈം സ്ഥാപകനും ചെയർമാനുമായ പ്രഫ. ജെ. ഫിലിപ്പ്, കെ എം എ പ്രസിഡണ്ട് വിവേക് കൃഷ്ണ ഗോവിന്ദ്, ഡോ. ജെ. അലക്സാണ്ടർ, ആർ. മനോമോഹനൻ, കെ എം എ ജോ.സെക്രട്ടറി ചെറിയാൻ പീറ്റർ എന്നിവർ സംസാരിച്ചു.