സ്‌കിൽ ഇന്ത്യ പദ്ധതി 35.56 ലക്ഷം വനിതകൾക്ക് പരിശീലനം നൽകി

Posted on: March 14, 2018

കൊച്ചി : നൈപ്യുണ്യ വികസന സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ സ്‌കിൽ ഇന്ത്യ പദ്ധതി പ്രകാരം 35.56 ലക്ഷം സ്ത്രീകൾക്ക് പരിശീലനം നൽകി. സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരം ഉറപ്പു വരുത്തുന്നതിനും ഉയർന്ന വരുമാനം നേടികൊടുക്കുക വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ രണ്ട് ഘട്ടങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2015 ജൂലൈ 1 മുതൽ 2016 ജൂൺ വരെയുള്ള ആദ്യ ഘട്ടത്തിൽ 8.63 ലക്ഷം സ്ത്രീകൾക്കും 2016 ജൂലൈ മുതൽ തുടങ്ങിയ രണ്ടാം ഘട്ടത്തിൽ 9.09 ലക്ഷം സ്ത്രീകൾക്കും പരിശീലനം നൽകി.

നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഹ്രസ്വകാല പരിശീലന പരിപാടികൾ വഴിയും പ്രത്യേക പദ്ധതികളിലൂടെയും 250 കോഴ്‌സുകളാണ് നൽകിയത്. പരിശീലനം ലഭിച്ച 50 ശതമാനത്തിലേറെ വനിതകൾക്ക് തൊഴിലും ലഭിച്ചു. പരവതാനി നിർമ്മാണ മേഖലയിലും ക്ഷീരോത്പാദന മേഖലയിലും, ബേക്കറി, വസ്ത്ര നിർമ്മാണ മേഖലകളിലുമാണ് ഭൂരിഭാഗം തൊഴിലവസരവും വനിതകൾക്ക് ലഭിച്ചതെന്ന് നൈപ്യുണ്യ വികസന സംരംഭകത്വ വികസന മന്ത്രാലയ സെക്രട്ടറി കെ.പി കൃഷ്ണൻ പറഞ്ഞു.

TAGS: Skill India |