സ്‌പോർട്‌സ് ഉത്പന്നങ്ങളിലെ നികുതി വെട്ടിപ്പ് തടയണമെന്ന് കേരള സ്‌പോർട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ്

Posted on: February 20, 2018

ഓൾ കേരള സ്‌പോർട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ ചെയർമാൻ പി.എ. ചെന്താമരാക്ഷൻ, പ്രസിഡന്റ് അനിൽ മഹാജൻ, ജനറൽ സെക്രട്ടറി ജോസ് പോൾ എന്നിവർ.

കൊച്ചി : സ്‌പോർട്‌സ് ഉത്പന്ന വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയണമെന്ന് ഓൾ കേരള സ്‌പോർട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ. സ്‌കേറ്റിംഗ്, ബാഡ്മിന്റൺ, ആർച്ചറി, ഫെൻസിംഗ് തുടങ്ങിയ മത്സരങ്ങൾക്കുള്ള ഉപകരണങ്ങൾ സർക്കാരിലേയ്ക്ക് നികുതി അടയ്ക്കാതെ പരിശീലകർ നേരിട്ട് സ്‌കൂളുകളിലും കളിക്കളങ്ങളിലും ലഭ്യമാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് എകെഎസ്ഡിഎ പത്താം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

കൂടാതെ ഇ വേ ബിൽ പോരായ്മകൾ, അമിതമായ ചരക്കുകൂലി, വിൽപ്പനാനന്തര സേവന വ്യവസ്ഥകളിലെ അപാകതകൾ എന്നിവയ്ക്ക് പരിഹാരം കാണുക, സ്‌പോർട്‌സ് ഉത്പന്നങ്ങളുടെ അമിത നികുതി കുറയ്ക്കുക, ഓൺലൈൻ വ്യാപാരത്തിലെ തട്ടിപ്പുകൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കായിക മന്ത്രാലയത്തിന് നിവേദനവും നൽകി.

അംഗങ്ങൾക്ക് ഇൻഷുറൻസ് വിതരണവും കുറഞ്ഞ പലിശനിരക്കിൽ വ്യാപാര വായ്പയും ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചു. സമാപന ചടങ്ങിൽ എകെഎസ്ഡിഎ ചെയർമാനായി പി.എ. ചെന്താമരാക്ഷനെ തെരഞ്ഞെടുത്തു. അനിൽ മഹാജൻ – പ്രസിഡന്റ്, ജോസ് പോൾ- ജനറൽ സെക്രട്ടറി, സജി ടോൾ ബോയ് -ട്രഷറർ, ടി. കെ.സലിം – സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എന്നിവർ ചുമതലയേറ്റു. രാജീവ് ഗോപാൽ, ഹാഷിം ഷാ, സജീവ് സച്ചിദാനന്ദൻ, പയസ് സി. ബ്‌ളൂസ്, മൊയ്തു സ്റ്റാർ, ഷാജി എം.എൻ., മധു ബി ഫോർ ബാഡ്മിന്റൺ, സമീർ ഗരിമ, ഡയസ് ജോസഫ്, സജീദ് മോട്ടി, ജലിൽ വേങ്ങര, ദീപക് സോക്കർ, റഷീദ് കാമ്പസ്, രമേശൻ പയ്യന്നൂർ, സമദ് കാസർകോഡ് എന്നിവരെ സംസ്ഥാന കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.