ഊബർ ഈറ്റ്‌സ് കൊച്ചിയിൽ

Posted on: February 18, 2018

കൊച്ചി : ജനങ്ങളുടെ ആവശ്യാനുസരണം ഭക്ഷണം വിതരണം ചെയ്യുന്ന ആപ്പ് ആയ ഊബർ ഈറ്റ്‌സ് ഇനി കൊച്ചിയിലും ലഭ്യമാകും. 200 ൽ ഏറെ റെസ്റ്റോറന്റുകൾ പങ്കാളികളായ ഈ സേവനം കലൂർ, പനമ്പള്ളി നഗർ, മറൈൻ ഡ്രൈവ്, എളംകുളം തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ലഭ്യമായിരിക്കും. കൊക്കോ ട്രീ, ഗോകുൽ ഊട്ടുപുര, മിലാനോ ഐസ്‌ക്രീംസ്, ചായ് കോഫി, സർദാർജി ദാ ദാബ തുടങ്ങിയ നിരവധി ജനപ്രിയ ഭക്ഷണശാലകളിൽ നിന്ന തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ഓർഡർ ചെയ്യുവാൻ ഊബർ ഈറ്റ്‌സ് സഹായിക്കും.

പ്രാരംഭ ആനുകൂല്യം എന്ന നിലയിൽ ഒരു രൂപ വിതരണ നിരക്കെന്ന നിലയിൽ കുറഞ്ഞ ഓർഡറിന്റെ കാര്യത്തിൽ നിബന്ധനകളൊന്നുമില്ലാതെ ഊബർ ഈറ്റ്‌സ് പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്കു കഴിയും. അതായത് ഇതൊരു കപ്പ് ചായയായാലും കുടുംബത്തിനു മൊത്തത്തിലുള്ള ഭക്ഷണമായാലും ഒരു രൂപ മാത്രം ഫീസ് ഈടാക്കിക്കൊണ്ട് ഊബര് ഈറ്റ്‌സ് അതു ഡെലിവറി ചെയ്യും.

ഊബർ ഈറ്റ്‌സ് കൊച്ചിയിൽ അവതരിപ്പിക്കാൻ തങ്ങൾക്കേറെ ആവേശമുണ്ടെന്ന് ഊബർ ഈറ്റ്‌സ് ഇന്ത്യയുടെ മേധാവി ഭാവിക് റാത്തോഡ് പറഞ്ഞു. ഏറ്റവും നവീനമായ വിതരണ ശൃംഖലയും ഏറ്റവും മികച്ച സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി മികച്ച റസ്റ്റോറന്റ് പങ്കാളികളുമായി സഹകരിച്ച് മികച്ച ഭക്ഷണം ലഭ്യമാക്കാനുള്ള പ്രതിബദ്ധതയ്ക്ക് ആവേശകരമായ പ്രതികരണമാണു ലഭിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു.

ഊബർ ഈറ്റ്‌സുമായുള്ള സഹകരണത്തെ തങ്ങൾ ശുഭാപ്തി വിശ്വാസത്തോടെയാണു കാണുന്നതെന്ന് അവന്യൂ ഗ്രൂപ്പ് (കൊക്കോ ട്രീ) ഡയറക്ടർ ഐസക് അലക്‌സാണ്ടർ ചൂണ്ടിക്കാട്ടി. ഭക്ഷണം ഡെലിവറി ചെയ്യുന്ന സേവനത്തിൽ ഏറ്റവും മികച്ച കാര്യക്ഷമത ലഭ്യമാക്കാൻ അവർക്കു സാധിക്കുമെന്നും റെസ്‌റ്റോറന്റുകൾക്ക് അതേക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: Uber Eats |