മിസ് ഇന്ത്യ കൊച്ചി ഒഡീഷൻ : മേഘന ഷാജൻ ഒന്നാമത്

Posted on: February 16, 2018

കൊച്ചി : മിസ് ഇന്ത്യ കൊച്ചി ഒഡീഷനിൽ കൊച്ചി രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ മേഘന ഷാജൻ ഒന്നാം സ്ഥാനത്തെത്തി. ചെന്നൈ എസ് ആർ എം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയും തലശേരി സ്വദേശിനിയുമായ രേഷ്മാ നമ്പ്യാർക്ക് ആണ് രണ്ടാം സ്ഥാനം. കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ആർ.അനുമോൾ മൂന്നാം സ്ഥാനത്തെത്തി.

എം.ജി.റോഡിലെ സെന്റർ സ്‌ക്വയർ മാളിൽ നടന്ന കൊച്ചി ഒഡീഷനിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ യുവതികൾ പങ്കെടുത്തു. മലയാള ചലച്ചിത്ര നടനും സെലിബ്രിറ്റി ക്രിക്കറ്റ് താരവുമായ രാജീവ് പിള്ളയായിരുന്നു ജൂറി തലവൻ.

മിസ് ഇന്ത്യയുടെ 55 ാം പതിപ്പ് ഒട്ടേറെ പുതുമകൾ നിറഞ്ഞതാണ്. രാജ്യത്തെ 30 സംസ്ഥാനങ്ങളിലും നടത്തുന്ന ഒഡീഷനാണ് ഇത്തവണത്തെ പ്രത്യേകത. ഓരോ സംസ്ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെടുന്ന 30 പേർ മിസ് ഇന്ത്യ പട്ടത്തിനു വേണ്ടി മുംബൈയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും.

കേരളത്തിൽ നിന്നുള്ള മൂന്നു വിജയികൾ ബംഗലുരുവിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ ഫെബ്രുവരി 24 ന് നടക്കുന്ന ദക്ഷിണമേഖല കിരീടധാരണ മത്സരത്തിൽ പങ്കെടുക്കും. സൗത്ത് സോണിൽ വിജയികളാകുന്ന മിസ് ഇന്ത്യ കേരള, മിസ് ഇന്ത്യ കർണാടക, മിസ് ഇന്ത്യ തമിഴ്‌നാട്, മിസ് ഇന്ത്യ ആന്ധ്രാപ്രദേശ്, മിസ് ഇന്ത്യ തെലുങ്കാന എന്നിവർ ജൂൺ മാസത്തിൽ മുംബൈയിൽ നടക്കുന്ന ദേശീയ ഗ്രാൻഡ് ഫിനാലെയിലെത്തും.

TAGS: Femina | Miss India |