സംയോജിത സാമ്പത്തിക പങ്കാളിത്ത കരാറിൽ നിന്ന് ക്ഷീര മേഖലയെ ഒഴിവാക്കണമെന്ന് മന്ത്രി കെ. രാജു

Posted on: February 10, 2018

കൊച്ചി : പതിനാറ് രാജ്യങ്ങൾ തമ്മിലുള്ള മേഖല സംയോജിത സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർ സി ഇ പി) നിന്ന് ക്ഷീര മേഖലയെ ഒഴിവാക്കണമെന്ന് വനം, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ആവശ്യപ്പെട്ടു. കരാർ കേരളത്തിലെ ക്ഷീരകർഷകരെ ദോഷകരമായി ബാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഡയറി അസോസിയേഷൻ സംഘടിപ്പിക്കുന്ന നാൽപ്പത്തിയാറാമത് ഡയറി ഇൻഡസ്ട്രി കോൺഫറൻസ് അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കരാറിൽ ഉൾപ്പെടുന്ന ന്യൂസിലൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ റെക്കോഡ് പാലുത്പാദനം കൈവരിച്ചിട്ടുണ്ട്. ക്ഷീര ഉത്പന്നങ്ങളുടെ മുൻനിര കയറ്റുമതിക്കാരായ ഈ രാജ്യങ്ങളുമായി കരാർ ഒപ്പിടുന്നത് വെണ്ണ, പാൽപ്പൊടി തുടങ്ങിയ ക്ഷീരോത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഇന്ത്യൻ വിപണിയിൽ എത്തുകയും രാജ്യത്തെ ക്ഷീരകർഷകരെ ഇത് ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ വർഷത്തെ ഡോ. വർഗീസ് കുര്യൻ പുരസ്‌കാരം മിൽമ ചെയർമാൻ പി.ടി ഗോപാലക്കുറുപ്പ്, ഡയറി വുമൺ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം സ്വദേശിനി പി.ബി ജിനി എന്നിവർക്ക് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. റൂബി താക്കൂർ, നീതു യാദവ്, പ്രാചി അഭയ് പാട്ടീൽ എന്നിവരും പുരസ്‌കാരം പങ്ക് വച്ചു. ഇന്ത്യൻ ഡയറി അസോസിയേഷൻ പേട്രൺഷിപ്പ് അവാർഡിന് ആർ.ജി ചന്ദ്രമോഗൻ, ആർ.എം ആചാര്യ, ഡോ. രത്തൻ സാഗർ ഖന്ന എന്നിവർ അർഹരായി.

 

ഇന്ത്യൻ ഡയറി അസോസിയേഷൻ പ്രസിഡണ്ട് ഡോ. ജി.എസ് രജോറിയ അധ്യക്ഷത വഹിച്ചു. ദക്ഷിണമേഖലാ പ്രസിഡണ്ട് സി. പി ചാൾസ്, നാഷണൽ ഡയറി ഡെവലപ്‌മെൻറ് ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സംക്രാന്ത് ചൗധരി, നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആർ.ആർ.ബി സിംഗ്, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനിൽ സേവ്യർ, ഇന്ത്യൻ ഡയറി അസോസിയേഷൻ സെക്രട്ടറി ഡോ. ബന്തല ശ്രീനിവാസ്, ഡയറി കോൺഫറൻസ് സെക്രട്ടറി ജനറൽ ഡോ. പി.ഐ ഗീവർഗീസ് എന്നിവർ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡയറി പ്രദർശനം മന്ത്രി ഉദ്ഘാടനം ചെയ്തു.