ഒയിസ്‌ക ഗ്ലോബൽ യൂത്ത് ഫോറം ഫെബ്രുവരി 9 മുതൽ കൊച്ചിയിൽ

Posted on: January 24, 2018

കൊച്ചി : ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒയിസ്‌ക ഇന്റർനാഷണൽ കൊച്ചിയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒയിസ്‌ക ഗ്ലോബൽ യൂത്ത് ഫോറം ഫെബ്രുവരി 9 മുതൽ 11 വരെ എക്‌സ് ഐഎംഇ കാമ്പസിൽ നടക്കും. എൻവിറോടെക് 2018 എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ പത്ത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പടെ 200 ഓളം പേർ പങ്കെടുക്കും.

ഫെബ്രുവരി 9 ന് സമ്മേളനം ഒയിസ്‌ക ഇന്റർനാഷണൽ സൗത്ത് ഇന്ത്യ ചാപ്റ്ററിന്റെ ആധ്യക്ഷൻ കെ.വി. മോഹൻകുമാർ ഐഎഎസിന്റെ ആധ്യക്ഷതയിൽ സിനിമാ സംവിധായകൻ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ എക്‌സ് ഐഎംഇ ചെയർമാനും, കർണാടക ചീഫ് സെക്രട്ടറിയും, മുൻ കാബിനറ്റ് മന്ത്രിയുമായിരുന്ന ഡോ.  ജെ. അലക്‌സാണ്ടർ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും.

കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത, ഒയിസ്‌ക ഇന്റർനാഷണൽ ജപ്പാൻ പ്രസിഡന്റ് മിസ്. എറ്റ്‌സുക്കോ നക്കാനോ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഔഷധി ചെയർമാനും ഒയിസ്‌ക മധ്യമേഖല അധ്യക്ഷനുമായ കെ.ആർ. വിശ്വഭരൻ. ഐഎഎസ്, ജീവൻ  ടിവി ഡയറക്ടർ ബേബി മാത്യു, കർണാടകയിലെ പരിസ്ഥിതി പ്രവർത്തകനും നടനും സംവിധായകനുമായ സുരേഷ് ഹെബ്‌ളിക്കർ, ഒയിസ്‌ക ഇന്റർനാഷണൽ സെക്രട്ടറി യസുവാക്കി നഗായിഷി എന്നിവർ പ്രസംഗിക്കും.

സമ്മേളനാനന്തരം, ഒയിസ്‌ക പാലക്കാട് കലാക്ഷേത്രയിലെ പെൺകുട്ടികൾ അവതരിപ്പിക്കുന്ന പരിസ്ഥിതി സംഗീതശില്പവും, എക്‌സ് ഐഎംഇ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഫെബ്രുവരി 10 നു നടക്കുന്ന സെമിനാർ ഒയിസ്‌ക ഇന്റർനാഷണൽ ജപ്പാൻ പ്രസിഡന്റ് മിസ്. ഏറ്റസ്‌കോ നാക്കാനോ ഉദ്ഘാടനം ചെയ്യും. കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റി പ്രൊവൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും.

പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഫുറുസാറ്റോ സാങ്കേതിക വിദ്യ എന്ന വിഷയത്തെ അധികരിച്ചു സുരേഷ് ഹെബ്ലിക്കർ, ഡോ. ഖലീൽ ചൊവ്വ എന്നിവർ വിഷയ അവതരണം നടത്തും. ഡോ. കെ.വി. ജയചന്ദ്രൻ, ഡോ. തോമസ് തേവര എന്നിവർ പ്രഭാഷണം നടത്തും.

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സമ്മേളനവും ഇതോടനുബന്ധിച്ചു നടക്കും, കുട്ടികളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും അവസരം ഉണ്ടാകും. ഇതിനായി മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും വിഷയത്തിൽ 500 വാക്കിൽ കുറയാതെ പ്രബന്ധം തയ്യാറാക്കി ഓയിസ്‌കയുടെ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ജനുവരി 30 നകം അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മേളനത്തിൽ പങ്കെടുക്കാം.

സമാപന സമ്മേളനത്തിൽ മുൻ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐഎഎസ് മുഖ്യാതിഥിയായിരിക്കും. ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കുന്ന കലാപരിപാടികളിൽ ഗിന്നസ് റെക്കോർഡ് ഉടമയായ മിസ്. സുചേതാ സതീഷ് അവതരിപ്പിക്കുന്ന ഗാനസന്ധ്യയും നടക്കും. രജിസ്റ്റർ ചെയ്തവർക്ക് ഫെബ്രുവരി 11 ന് വേമ്പനാട്ടു കായലിലൂടെ പഠനയാത്രയും ഉണ്ടാകും.

എക്‌സ്‌ഐഎംഇ ചെയർമാൻ ഡോ. ജെ. അലക്‌സാണ്ടർ ഐഎഎസ്, എക്‌സ് ഐഎംഇ കൊച്ചി ഡയറക്ടർ ഡോ. മനോജ് വർഗീസ്,  ഓയിസ്‌ക ഇൻറർനാഷനൽ ദക്ഷിണേന്ത്യൻ ചാപ്റ്റർ പ്രസിഡണ്ട് മോഹൻ കുമാർ, സെക്രറ്ററി ജനറൽ അരവിന്ദ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ക്യാപ്റ്റൻ കെ. സി സിറിയക്ക് (ഡീൻ), ഡോ. മെഴ്‌സിയ സെൽവ മലർ (ഫോൺ 0484 2972972/3 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.