പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മെറീന ഗ്രൂപ്പ്

Posted on: January 13, 2018

കൊച്ചി : പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച് മെറീന ഗ്രൂപ്പ്. മെറീന ഗ്രൂപ്പിലെ പേൾലാക് പെയിൻറ്‌സ് വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മെറീന ഗ്രൂപ്പ് സിഇഒയും പേൾലാക് പെയിൻറ്‌സ് ഉടമയുമായ സേവ്യർകുട്ടി പുത്തേത്ത് അറിയിച്ചു. 22 വർഷമായി വൈവിധ്യമാർന്ന പെയിന്റുകൾ ഉത്പാദിപ്പിക്കുന്ന പേൾലാക് വർക്ക്സൈറ്റുകൾ നേരിട്ട് കണ്ടെത്തി പെയിന്റിങ്ങ് മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനാണ് മെറീന ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

വീടുകളും ബഹുനില കെട്ടിടങ്ങളും ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പുകളും വുഡ് വർക്ക്‌ഷോപ്പുകളും മറൈൻ യാഡുകളും ഉൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ പേൾലാക് പെയിന്റിന് ഡിമാൻഡുണ്ട്. ഇത്തരം പെയിന്റിംഗ് ജോലികൾ ഏറ്റെടുത്ത് പെയിന്റർമാർക്കും കോൺട്രാക്ടർമാർക്കും നൽകുക വഴി ഒട്ടേറെ തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന് സേവ്യർകുട്ടി പുത്തേത്ത് പറഞ്ഞു. സൗദി അറേബ്യാ, ഒമാൻ, യു എ ഇ, ബഹ്‌റിൻ, ഖത്തർ, കുവൈറ്റ് തുടങ്ങി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പെയിന്റിംഗ് കോൺട്രാക്ട് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദുരന്തത്തിനിരയായ ആയിരത്തോളം പേർക്ക് തൊഴിൽ നൽകുമെന്നും സേവ്യർകുട്ടി പുത്തേത്ത് അറിയിച്ചു. ഇക്കാര്യങ്ങൾ ബിഷപ്പ് സൂസപാക്യവുമായി സംസാരിച്ചെന്നും ദുരിതബാധിതർക്ക് തൊഴിൽ നൽകാമെന്ന വാഗ്ദാനം ബിഷപ്പിനെ അറിയിച്ചതായും സേവ്യർകുട്ടി പറഞ്ഞു. ദുരന്തമേഖലയിൽ പുനർനിർമിക്കുന്ന വീടുകൾക്ക് പെയിന്റിംഗിന് ആവശ്യമായ ഉത്പന്നങ്ങൾ പേൾലാക് പെയിൻറ്‌സ് സൗജന്യമായി നൽകാമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് വളരാനും വികസിക്കാനുമായി പുതിയൊരു പദ്ധതിക്ക് മെറീന ഗ്രൂപ്പ് രൂപം നൽകി വരികയാണെന്ന് സേവ്യർകുട്ടി പുത്തേത്ത് അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങൾ, ഇൻഡസ്ട്രിയൽ കെമിക്കൽസ് എന്നിവയുടെ മൊത്ത, ചില്ലറ വ്യാപാരത്തിൽ ഊന്നുന്ന കമ്പനി വിദേശത്ത് നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത് വിപണനം നടത്താനും ഉദ്ദേശിക്കുന്നു. പെറ്റ് കോക്ക്, പിവിസി റെസിൻ തുടങ്ങിയവ ഇറക്കുമതി ചെയ്യാൻ പ്രമുഖ കമ്പനികളുമായി കരാർ ഒപ്പു വെയ്ക്കുന്ന നടപടി പുരോഗമിക്കുന്നു. വിവിധ ഏഷ്യൻ രാജ്യങ്ങളിലും അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ കമ്പനികളുമായി വ്യാപാര കരാറുകളിൽ ഒപ്പുവച്ചു കഴിഞ്ഞു.

വൈവിധ്യവത്ക്കരണത്തിൻറെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മെറീന ആഗ്രോ പ്രോഡക്ട്‌സ് എന്ന ഉപവിഭാഗവും ആരംഭിച്ചിട്ടുണ്ട്. തേങ്ങ, കപ്പ, ചക്ക, കുടമ്പുളി എന്നിവയിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കും. വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും സ്ഥാപിക്കും. ഇത് വഴി കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. നടപ്പ് വർഷം 200 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന കമ്പനി ഭാവിയിൽ പബ്ലിക് ഇഷ്യുവിനും ഉദ്ദേശിക്കുന്നു. 5,000 കോടി രൂപ വിറ്റുവരവുള്ള ഗ്രൂപ്പാക്കി മെറീനയെ വളർത്തുകയാണ് ലക്ഷ്യമെന്ന് സേവ്യർകുട്ടി പുത്തേത്ത് പറഞ്ഞു.