യു എസ് ടി ഗ്ലോബൽ സർക്കാരുമായി ചേർന്ന് സൈബർ സെന്റർ തുടങ്ങും

Posted on: December 6, 2017

തിരുവനന്തപുരം : യു എസ് ടി ഗ്ലോബൽ കേരള സർക്കാരിന്റെ പങ്കാളിത്തത്തോടെ കേരള പൊലീസുമായി സഹകരിച്ച് അടുത്ത വർഷം തിരുവനന്തപുരത്ത് സൈബർ സെന്റർ ആരംഭിക്കും. ലോകോത്തര നിലവാരമുള്ള സുരക്ഷാ ഓപ്പറേറ്റിംഗ് സെന്ററായിരിക്കും ഇതെന്ന് യു എസ് ടി ഗ്ലോബലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സാജൻ പിള്ള വ്യക്തമാക്കി.

യു എസ് ടി ഗ്ലോബലിന്റെ തിരുവനന്തപുരം ആസ്ഥാനത്തു നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിൽനിന്നുള്ള സൈബർ സുരക്ഷ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. സൈബർ സുരക്ഷയിൽ ഇത് കേരളത്തിന് മികച്ച അവസരമായിരിക്കും നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സ്റ്റാർട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 325 കോടി രൂപയുടെ വെഞ്ചർ ക്യാപിറ്റൽ ഫണ്ട് കമ്പനിയുടെ എക്‌സിക്യൂട്ടിവുകൾ ചേർന്ന് സമാഹരിക്കും. ഇന്ന് ഇന്ത്യയിൽ ആരംഭിക്കുന്ന അഞ്ച് സ്റ്റാർട്ടപ്പുകളിൽ ഒന്ന് കേരളത്തിലാണ്. ഈ സംരംഭകത്വം വികസിപ്പിക്കുന്നതിനായാണ് യു എസ് ടി മൂലധന ഫണ്ട് രൂപീകരിക്കുന്നതും സംരംഭകത്വ പരിശീലന പദ്ധതി നടപ്പാക്കുന്നതെന്നും സാജൻ പിള്ള പറഞ്ഞു.

1999 സെപ്റ്റംബർ 1 ന് 14 ജീവനക്കാരുമായി ആരംഭിച്ച യു എസ് ടി ഗ്ലോബൽ ഇന്ന് പതിനാലായിരത്തിലേറെ ജീവനക്കാരുള്ള ശതകോടി ഡോളർ കമ്പനിയാണ്. പ്രതിവർഷം ആഗോള കമ്പനികളിൽ നിന്ന് ഇരുനൂറോളം സന്ദർശനങ്ങളാണ് യു എസ് ടി ഗ്ലോബലിൽ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകളുമായി ചേർന്ന് നിലവിൽ യു എസ് ടി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കേരളത്തിലും ഇതിനുള്ള സാധ്യതകളേറെയാണ്. ഹാർഡ്‌വേർ രംഗത്തെ ആഗോളഭീമന്മാരായ ഇന്റലുമായും കേരളസർക്കാരുമായും യു എസ് ടി ഇപ്പോൾ ധാരണാപത്രത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ ഹാർഡ്‌വേർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിന്റെ സാധ്യതാപഠനത്തിനായാണ് ധാരണാപത്രം. ജനുവരി മൂന്നാംവാരത്തോടെ ഇതുസംബന്ധിച്ച വിശദ പദ്ധതി രേഖ തയ്യാറാകുമെന്നും സാജൻ പിള്ള കൂട്ടിച്ചേർത്തു.

കേരളത്തിലെ എൻജീനിയറിംഗ് വിദ്യാർഥികൾക്ക് വിപണിപരിചയം വർദ്ധിപ്പിക്കുന്നതിനും അവരെ തൊഴിലിനനുയോജ്യരാക്കുന്നതിനുമായി അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുമായി ചേർന്ന് ഡിജിറ്റൽ അന്തരം ഇല്ലാതാക്കുക എന്ന ഇന്റേൺഷിപ്പ് പദ്ധതിക്കു യു എസ് ടി രൂപം നൽകിയിട്ടുണ്ടെന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു. കമ്പനിയുടെ നവീന ലാബായ ഇൻഫിനിറ്റി ലാബ്‌സിൽ നേരിട്ടെത്തി ജോലി ചെയ്യുന്നതിന് ഇത്തരം ഇന്റേൺഷിപ്പുകൾ അവസരം നൽകുന്നുണ്ട്. ഇൻഫിനിറ്റി ലാബ്‌സ് പദ്ധതി 2018 ൽ കൂടുതൽ രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കാൻ യു എസ് ടി ഗ്ലോബൽ ഉദ്ദേശിക്കുന്നുണ്ട്. തിരുവനന്തപുരം, അമേരിക്കയിൽ അർക്കൻസാസിലെ ബെൻടൺവില്ല, കാലിഫോർണിയയിലെ അലിസോ വീജോ എന്നീ നഗരങ്ങളിലാണ് ഇപ്പോൾ ഇൻഫിനിറ്റി ലാബ്‌സ് പ്രവർത്തിക്കുന്നത്.

നവപ്രതിഭകളെ കണ്ടെത്തുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സ്ഥാപനത്തിൽ നിലവിലുള്ള പ്രതിഭകളെ മെച്ചപ്പെട്ട ചിന്താരീതികൾ ശീലിക്കാൻ പ്രോത്സാഹിപ്പിക്കുന്നതെന്ന് യു എസ് ടി ചീഫ് പീപ്പിൾ ഓഫിസർ മനു ഗോപിനാഥ് പറഞ്ഞു. ഇതിന്റെ ഭാഗമായി യുഎസ്ടിയുടെ വാർഷിക ആഗോള ഡെവലപ്പർ സമ്മേളനമായ ഡി3 ഇത്തവണ തിരുവനന്തപുരത്ത് നടത്തും. യു എസ് ടി യിലെ മിടുക്കർ സമ്മേളിക്കുകയും പഠിക്കുകയും തങ്ങളുടെ പ്രോഗ്രാമിങ് പ്രാവീണ്യവും എൻജിനീയറിംഗ് മികവും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന വേദിയാണ് ഡി3. പരിവർത്തന ലക്ഷ്യത്തോടെയുള്ള സാങ്കേതിക പരിഹാരങ്ങൾക്കായി ബൗദ്ധിക സ്വത്ത് വികസിപ്പിക്കുന്നതിന് യുഎസ്ടി സൃഷ്ടിച്ചിട്ടുള്ള മാർഗങ്ങളിലൊന്നുകൂടിയാണിത്. യു എസ് ടി യിലെ മികച്ച സാങ്കേതിക വിദഗ്ധർ തങ്ങളുടെ ആശയങ്ങൾ അന്താരാഷ്ട്ര സദസിനുമുന്നിൽ അവതരിപ്പിക്കുന്നതിനുപുറമെ ലോകമാകമാനമുള്ള വിദഗ്ധരും ഈ വേദി പങ്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിശ്ചിത ചുമതലകൾ ഏറ്റെടുക്കുന്ന സർവീസ് അധിഷ്ഠിത മാതൃകയിൽനിന്ന് ഫലപ്രാപ്തി ലക്ഷ്യമിട്ടുള്ള സൊല്യൂഷൻസ് മാതൃകയിലേക്ക് യു എസ് ടി ഗ്ലോബൽ ചുവടുമാറ്റം നടത്തിയിട്ടുണ്ടെന്ന് ചീഫ് ആർക്കിടെക്റ്റ് അനോജ് പിള്ള പറഞ്ഞു. നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നീ നൂതന രംഗങ്ങളിലെ മാറ്റങ്ങൾക്കനുസരിച്ച് യു എസ് ടി യുടെ പരിശീലനപദ്ധതികളും വിദഗ്ധരും മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: UST Global |