ജയൻ സ്മാരക ചലച്ചിത്ര മാധ്യമ അവാർഡ് സമ്മാനിച്ചു

Posted on: November 16, 2017

തിരുവനന്തപുരം : നടൻ ജയന്റെ സ്മരണയ്ക്കായി കൊല്ലം ജയൻ ഫൗണ്ടേഷനും തൃശൂർ ജയൻ സാംസ്‌കാരിക സമിതിയും സംയുക്തമായി ഏർപ്പെടുത്തിയ ജയൻ സ്മാരക ചലച്ചിത്ര മാധ്യമ അവാർഡ് പത്രപ്രവർത്തകനും കേരള സംഗീതനാടക അക്കാദമി എഡിറ്ററുമായ ഭാനുപ്രകാശിന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് നടൻ മധു ഉദ്ഘാടനം ചെയ്തു.

സാഹസികത നിറഞ്ഞ അഭിനയശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടനായിരുന്നു ജയനെന്ന് മന്ത്രി പറഞ്ഞു. സിനിമയ്ക്കുവേണ്ടി ജീവൻ ബലികൊടുക്കേണ്ടിവന്ന ജയനെക്കുറിച്ചുള്ള അനാവശ്യമായുള്ള അനുകരണങ്ങൾ അതിക്രമിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്വന്തം തൊഴിലിനോട് അങ്ങേയറ്റം ആത്മാർത്ഥത കാണിച്ച ജയനെ അനുകരിച്ച് വികൃതമാക്കുകയാണെന്നും ഇക്കാര്യത്തിൽ പുനർചിന്തനം ഉണ്ടാകണമെന്ന് മധു അഭിപ്രായപ്പെട്ടു.

മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ‘അഭ്രകാമനകളുടെ ആദ്യപുരുഷൻ’ എന്ന ലേഖനം ഉൾപ്പെടെ 37 ഓളം ജയൻ പഠനങ്ങളെ മുൻനിർത്തിയാണ് ഭാനുപ്രകാശിന് അവാർഡ്. നടൻ ജോസ് ഭാനുപ്രകാശിനെ പൊന്നാട അണിയിച്ചു. മജീഷ്യൻ മുതുകാട് പ്രശസ്തിപത്രം നൽകി. ജയൻ സിനിമയിലഭിനയിക്കുമ്പോൾ പതിവായി ഉപയോഗിച്ചിരുന്ന വാച്ച് ജയന്റെ സഹോദരപുത്രൻ കണ്ണൻ നായർ ചടങ്ങിൽവച്ച് ഭാനുപ്രകാശിന് സമ്മാനിച്ചു. പ്രഫ. അലിയാർ, മായ വിശ്വനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

ജയൻ ഫൗണ്ടേഷൻ ചെയർമാൻ ചന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. ഫൗണ്ടേഷൻ രക്ഷാധികാരി നിരണം രാജൻ സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗോപകുമാർ പാലക്കാട് നന്ദിയും പറഞ്ഞു.